ലക്നൗ: 14 വയസുള്ള ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് മാസത്തോളം പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മറ്റ് മൂന്ന് പേർക്കുമായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. യുപിയിലെ മൊറാദാബാദിലാണ് സംഭവം നടന്നത്. സൽമാൻ, സുബൈർ, റാഷിദ്, ആരിഫ് എന്നിവരാണ് പ്രതികൾ.
കുടുംബത്തിന്റെ പരാതിപ്രകാരം ജനുവരി രണ്ടിനായിരുന്നു കുട്ടിയെ കാണാതായത്. തയ്യൽ കടയിലേക്ക് പോകുന്ന വഴിയിൽ വച്ച് നാല് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ ബോധം കെടുത്തി കാറിലാക്കി കൊണ്ടുപോവുകയും അജ്ഞാത കെട്ടിടത്തിനുള്ളിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് രണ്ട് മാസത്തോളമാണ് ഇവർ കുട്ടിയെ പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ കുട്ടിയേയും വീട്ടുകാരേയും കൊന്നുകളയുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
അതിക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളായിരുന്നു പെൺകുട്ടി ഏറ്റുവാങ്ങിയത്. 14-കാരിയുടെ കൈയിലുണ്ടായിരുന്ന ‘ഓം’ എന്ന ടാറ്റൂ പ്രതികളെ ചൊടിപ്പിച്ചിരുന്നു. ആസിഡ് ഒഴിച്ച് ടാറ്റൂ കരിയിച്ച് കളയാൻ പ്രതികൾ ശ്രമം നടത്തി. സസ്യാഹാരിയായ പെൺകുട്ടിക്ക് മാംസഭക്ഷണം നൽകി നിർബന്ധിച്ച് കഴിപ്പിച്ചു. നാല് പേരും കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും ചെയ്തു. രണ്ട് മാസത്തോളം പീഡനം തുടർന്നു. ഇതിനിടെ കുട്ടിയെ ഇവർ ഭോജ്പൂരിലേക്ക് മാറ്റി മറ്റൊരു സ്ഥലത്ത് പാർപ്പിച്ചിരുന്നു. മാർച്ച് രണ്ടിന് സംഭവസ്ഥലത്ത് നിന്ന് തന്ത്രപരമായി രക്ഷപ്പെട്ടെ പെൺകുട്ടി വീട്ടിലെത്തിയപ്പോഴാണ് നടുക്കുന്ന ക്രൂരതകൾ പുറത്തുവന്നത്.
പോക്സോ ആക്ട് പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ നിയമങ്ങൾ പ്രകാരവും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതികളിലൊരാളായ സൽമാൻ അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.