മികവുറ്റ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ആഴ്ന്നിറങ്ങിയ കലാപ്രതിഭ കലാഭവൻ മണിയുടെ ഓർമകളിൽ കലാലോകം. വേറിട്ട വേഷങ്ങൾ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരംഗമായി മാറിയ മണി മൺമറഞ്ഞിട്ട് ഇന്നേക്ക് ഒമ്പത് വർഷം. നാടൻപാട്ടിലൂടെയും സിനിമകളിലൂടെയും ഇന്നും ജീവിക്കുന്ന മണിയെ അനുസ്മരിക്കുകയാണ് മലയാളികളും സഹകലാകാരന്മാരും.
മണിക്ക് ഓർമപ്പൂക്കൾ എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാേഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. മമ്മൂട്ടിയും മണിയുടെ ഓർമകളിൽ പങ്കുചേർന്നു. ആറാം തമ്പുരാൻ, നരസിംഗം, ബാലേട്ടൻ, നാട്ടുരാജാവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം കലാഭവൻ മണി പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. വല്യേട്ടൻ, രാക്ഷസരാജാവ്, പട്ടാളം, സേതുരാമൻ സിബിഐ, ഒരു മറവത്തൂർ കനവ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധനേടി.
നിലയ്‌ക്കാത്ത നാദം പോലും ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ് മണി. അപ്രതീക്ഷിതമായ മണിയുടെ വേർപാട് മലയാളികളുടെ മനസിനുണ്ടാക്കിയ നീറ്റൽ സഹിക്കുന്നതിനും അപ്പുറമായിരുന്നു.
ഓരോ വർഷം പിന്നിടുമ്പോഴും വേദനയോടെ അല്ലാതെ കലാഭവൻ മണി എന്ന പ്രതിഭയെ മലയാളികൾക്ക് ഓർക്കാനാവില്ല. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് മണി മലയാള സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് സല്ലാപത്തിലെ ചെത്തുകാരനായി മണി കസറി. ശേഷം അഭിനയിച്ച സിനിമകളെല്ലാം മണിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുകയായിരുന്നു.