വഡോദര: ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ചറി നേടി സച്ചിൻ ടെൻഡുൽക്കർ . ബുധനാഴ്ച വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് സച്ചിന്റെ പ്രതാപകാലത്തെ ഷോട്ടുകൾ ഒരിക്കൽകൂടി കാണാൻ അവസരം ലഭിച്ചു. മത്സരത്തിൽ ഇന്ത്യ മാസ്റ്റേഴ്‌സ് 95 റൺസിന് പരാജയപ്പെട്ടെങ്കിലും 33 പന്തിൽ 64 റൺസ് നേടിയ സച്ചിന്റെ ഇന്നിംഗ്സ് കാണികളെ നിരാശപ്പെടുത്തിയില്ല.
ഓസ്‌ട്രേലിയൻ ആക്രമണത്തെ സ്വതസിദ്ധ ശൈലിയിൽ നേരിട്ട സച്ചിൻ, വെറും 27 പന്തിൽ നിന്ന് അർദ്ധശതകം നേടി. ലേറ്റ് കട്ടുകളും മികച്ച സ്‌ട്രെയിറ്റ് ഡ്രൈവുകളും ആ ബാറ്റിൽ പിറന്നു. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായിട്ടും ഒറ്റയ്‌ക്ക് പോരാടിയ സച്ചിൻ നാല് സിക്സറുകളും ഏഴ് ഫോറുകളും പറത്തി ടീമിനെ 100/3 എന്ന സ്കോറിലെത്തിച്ചു. എന്നാൽ ഡാനിയേൽ ക്രിസ്റ്റ്യന്റെ പന്തിൽ സേവ്യർ ഡോഹെർട്ടിക്ക് ക്യാച്ച് നൽകിയുള്ള സച്ചിന്റെ അപ്രതീക്ഷിതമടക്കം കാണികളെയും ഞെട്ടിച്ചു.
𝐓𝐡𝐚𝐭’𝐬 𝐡𝐨𝐰 𝐲𝐨𝐮 𝐝𝐨 𝐢𝐭! 😎
𝙎𝙖𝙘𝙝𝙞𝙣 𝙩𝙞𝙣𝙜𝙡𝙞𝙣𝙜 𝙨𝙥𝙞𝙣𝙚𝙨 𝙬𝙞𝙩𝙝 𝙩𝙝𝙖𝙩 𝙨𝙞𝙜𝙣𝙖𝙩𝙪𝙧𝙚 𝙨𝙩𝙧𝙖𝙞𝙜𝙝𝙩 𝙨𝙞𝙭! 🚀✨#IMLT20 #TheBaapsOfCricket #IMLonJioHotstar #IMLonCineplex pic.twitter.com/A11weJAGox
— INTERNATIONAL MASTERS LEAGUE (@imlt20official) March 5, 2025
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മാസ്റ്റേഴ്സ് ഷെയ്ൻ വാട്‌സണിന്റെയും (110 ) ബെൻ ഡങ്കിന്റെയും (132 ) സെഞ്ച്വറികളുടെ ബലത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്‌സിന്റെ പോരാട്ടം 174 റൺസിൽ അവസാനിച്ചു. നോക്കൗട്ടിൽ ഇതിനകം തന്നെ സ്ഥാനം ഉറപ്പാക്കിയ ഇന്ത്യ മാസ്റ്റേഴ്‌സിന്റെ ടൂർണമെന്റിലെ ആദ്യ തോൽവിയാണിത്.















