ഓൺലൈൻ തട്ടിപ്പിന്റെ മറ്റൊരു വാർത്തയാണ് ഗ്രേറ്റർ നോയിഡയിൽ നിന്ന് വരുന്നത്. വാട്സ് ആപ്പിൽ ഷെയർ ചെയ്ത് വന്ന ആമസോൺ ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്ത യുവതിയുടെ 51 ലക്ഷമാണ് നഷ്ടമായത്. യുവതിക്ക് അറിയാത്തൊരാളാണ് ഇവരെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർത്തത്. ആമസോൺ വൗച്ചറിന്റെ മറവിലാണ് ഗ്രൂപ്പിൽ ചേർത്തത്. തുടർന്ന് കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് ഷെയർ മാർക്കറ്റിൽ നിക്ഷേപത്തിന് പ്രേരിപ്പിച്ചു.ഹരി സിംഗ് എന്നെരാളാണ് മീനു റാണിയെ സമീപിച്ചത്. ട്രെയിഡിംഗിൽ 15 വർഷത്തെ പരിചയ സമ്പത്തുണ്ടെന്നും നിക്ഷേപത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകാമെന്നും പറഞ്ഞാണ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുന്നത്. ഗ്രൂപ്പിൽ ചിലർ അവരുടെ വിജഗാഥകൾ പങ്കുവച്ചു.
ഇതുകണ്ട് വിശ്വസിച്ച യുവതി വൻ ലാഭം സ്വപ്നം കണ്ടു. ഗ്രൂപ്പിലെ മറ്റൊരു അംഗമായ ആരതി സിംഗ് ഇവരെ ബന്ധപ്പെട്ടു അഡ്മിൻ 1000 രൂപയുടെ ആമസോൺ ഗിഫ്റ്റ് വൗച്ചർ നൽകിയെന്നും അത് ഉപയോഗിക്കണമെന്നും പറഞ്ഞു. ലോഗിൻ ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ 1000 രൂപ ക്രെഡിറ്റായി. ഇതും വിശ്വാസം വർദ്ധിപ്പിച്ചു. ഒരുമാസത്തിൽ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെകൊണ്ട് 50,000 രൂപ നിക്ഷേപിപ്പിച്ചു.
അവർ നൽകിയ അക്കൗണ്ടിലേക്കാണ് മീനു പണം അയച്ചത്. കൂടാതെ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും പറഞ്ഞു. ഇതിൽ യുവതിയുടെ നിക്ഷേപവും ലഭിക്കുന്ന ലാഭവും കാണിക്കാനായിരുന്നു. ആദ്യ ഘട്ടത്തിൽ കുറച്ച് പണം തിരികെ നൽകിയ തട്ടിപ്പുകാരുടെ വലയിൽ യുവതി വീണു. തുടർന്ന് ഭർത്താവിൽ നിന്നും അമ്മായിയമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും വാങ്ങ 51.50 ലക്ഷം യുവതി നിക്ഷേപിച്ചു. തുടർന്ന് വായ്പ്പയ്ക്കായി പരിചയക്കാരനെ സമീപിച്ചപ്പോൾ അയാൾ മുന്നറിയിപ്പ് നൽകി.ഇതോടെ അവർ പണം തിരികെ ചോദിച്ചു. ഇതോടെ ഇവരുമായുള്ള കോൺടാക്റ്റ് അവസാനിപ്പിച്ച് തട്ടിപ്പുകാർ മുങ്ങുകയായിരുന്നു. ഇതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.















