വാഷിംഗ്ടൺ: പാക് പൗരൻമാർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ യുഎസ് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത ആഴ്ച പുറപ്പെടുവിക്കുമെന്നാണ് സൂചന. അഫ്ഗാൻ പൗരൻമാർക്കും വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ആദ്യ ടേമിൽ ട്രംപ് ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2018ൽ ജോ ബൈഡൻ അധികാരത്തിന് വന്നതിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയത്. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങളാണ് അന്ന് നടപടി നേരിട്ടത്.
മറ്റ് ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും യാത്രാനിരോധന പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. താലിബാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പതിനായിരക്കണക്കിന് അഫ്ഗാൻ പൗരൻമാരാണ് പ്രത്യേക കുടിയേറ്റ വിസകളിൽ അഭയാർത്ഥികളായി യുഎസിൽ എത്തിയത്. ഇത്തരക്കാർക്ക് തിരിച്ചടിയാകും ട്രംപിന്റെ തീരുമാനം
യുഎസിലേക്ക് പ്രവേശിക്കുന്ന എല്ലാം വിദേശികൾക്കും സുരക്ഷാ പരിശോധന കർശനമാക്കണമെന്ന എക്സിക്യൂട്ടീവ് ഉത്തരവ് ജനുവരി 20 ന് ട്രംപ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ പൂർണ്ണമായോ ഭാഗികമായോ യാത്ര വിലക്കേർപ്പെടുത്തേണ്ട രാജ്യങ്ങളുടെ പട്ടിക മാർച്ച് 12 നകം തയ്യാറാക്കാനും കാബിനറ്റ് അംഗങ്ങൾക്ക് ട്രംപ് നിർദ്ദേശം നൽകിരുന്നു.















