റാപ്പറും സംഗീത സംവിധായകനും ഗായകനുമായ യോ യോ ഹണി സിംഗിനെതിരെ വിമർശനവുമായി നടി നീതു ചന്ദ്ര. ഹണിസിംഗിനെതിരെ പട്ന ഹൈക്കോടതിയിൽ അവർ പൊതു താത്പ്പര്യ ഹർജി സമർപ്പിച്ചു. താരത്തിന്റെ പുതിയ പാട്ടായ മാനിയാക് അശ്ലീലത പ്രോത്സാഹിപ്പിക്കുകയും സ്ത്രീകളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുകയുമാണെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
ഈ മാസം അവസാനം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊതുതാൽപ്പര്യ ഹർജിയിൽ ഗാനരചയിതാവ് ലിയോ ഗ്രെവാൾ, ഭോജ്പുരി ഗായകരായ രാഗിണി വിശ്വകർമ, അർജുൻ അജനാബി എന്നിവരുടെ പേരുകളും ഉൾപ്പെടുന്നു. ബോളിവുഡ്-തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി നിരൂപക പ്രശംസ നേടിയ ചില ഭോജ്പുരി ചിത്രങ്ങളുടെ നിർമാതാവുമാണ്.
പട്ന സ്വദേശിയായ നീതു, ഗാനത്തിന്റെ വരികൾ മാറ്റാൻ നിർദ്ദേശിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ഗാനത്തിൽ ഭോജ്പുരി ഭാഷയുടെ ഉപയോഗത്തെക്കുറിച്ചും നടി ആശങ്ക പ്രകടിപ്പിച്ചു, അത് “അശ്ലീലതയെ സാധാരണവൽക്കരിക്കാൻ” ഉപയോഗിച്ചിരിക്കുകയാണെന്നും അവർ ഹർജിയിൽ വാദിച്ചു. ഇത് സംസ്കാരത്തെ തെറ്റായി പ്രതിനിധീകരിക്കുക മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിന്റെ സത്തയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.















