ഗാന്ധിനഗർ: അന്താരാഷ്‌ട്ര വനിതാ ദിനമായ മാർച്ച് 8 ന് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ഗുജറാത്ത് ആഭ്യന്തരസഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു. ഗുജറത്തിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന ‘ലക്ഷപതി ദീദി സമ്മേളന’ത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്തിയെത്തുന്നത്.
നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ പ്രധാനമന്ത്രി എത്തുന്നതു മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. ഇതിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരിൽ ഐപിഎസ് ഉദ്യോഗസ്ഥരും കോൺസ്റ്റബിൾമാരും ഉൾപ്പെടും.
2,100-ലധികം കോൺസ്റ്റബിൾമാർ, 187 സബ് ഇൻസ്പെക്ടർമാർ, 61 പൊലീസ് ഇൻസ്പെക്ടർമാർ, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, അഞ്ച് എസ്പിമാർ, ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരുൾപ്പെടെ എല്ലാവരും വനിതകളായിരിക്കും. മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും ആഭ്യന്തര സെക്രട്ടറിയുമായ നിപുണ ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
വനിതാ ദിനത്തിൽ ലോകത്തിന് ശക്തമായ ഒരു സന്ദേശം നൽകുന്നതിനൊപ്പം ഗുജറാത്തിനെ സുരക്ഷിതമായ സംസ്ഥാനമാക്കി മാറ്റുന്നതിൽ സ്ത്രീകൾ എത്രത്തോളം പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്ന് അറിയിക്കാനും ഈ നടപടി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി വെള്ളി, ശനി ദിവസങ്ങളിൽ ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നാഗർ ഹവേലിയിലും രണ്ട് ദിവസത്തെ സന്ദർശനം നടത്തും.