ഭോപ്പാൽ: നിയമപരമായി വിവാഹമോചനം നേടാതെ ഭാര്യ മറ്റൊരു പുരുഷനെ വിവാഹം ചെയ്തതിന്റെ വിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് സംഭവം. കോലാപൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷന് മുന്നിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
ഭാര്യക്കെതിരെ പരാതി നൽകാൻ എത്തിയതായിരുന്നു യുവാവ്. ഇതിനിടെ പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിയ യുവാവ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൂടെ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും എത്തി തീയണച്ച് ഇയാളെ രക്ഷപ്പെടുത്തി. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
ശിവാജിനഗർ പൊലീസ് സ്റ്റേഷനിലായിരുന്നു നാടകീയരംഗങ്ങൾ അരങ്ങേറിയത്. യുവാവിന് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ കോലാപൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.