വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയ പ്രതി അഫാനുവേണ്ടി കോടതിയിൽ ഹാജരായി കോൺഗ്രസ് നേതാവ്. ആര്യനാട് ബ്ലോക്ക് പ്രസിഡന്റായ ഉവൈസ് ഖാനാണ് അഫാന് വേണ്ടി കോടതിയിൽ ഹാജരായത്. സംഭവം വിവാദമായതിന് പിന്നാലെ കോൺഗ്രസിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പാർട്ടിക്ക് തീരാകളങ്കമാണ് ഉണ്ടായിരിക്കുന്നതെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയരുകയാണ്.
നെടുമങ്ങാട് കോടതിയിലെ അഭിഭാഷക കൂട്ടായ്മയായ ബാർ അസോസിയേഷന്റെ അദ്ധ്യക്ഷനാണ് ഉവൈസ് ഖാൻ. പ്രതി അഫാനുവേണ്ടി ഹാജരാകാൻ അഭിഭാഷകർ ഇല്ലാതിരുന്നതിനാൽ ജില്ലാ ജഡ്ജി ചെയർമാൻ ആയ ലീഗൽ സർവീസ് അതോറിറ്റി നിർദേശം നൽകിയതിന്റെ ഭാഗമായാണ് കോടതിയിലെത്തിയതെന്ന് ഉവൈസ് ഖാൻ വിശദീകരിച്ചു.
സംസ്ഥാനത്തെ നടുക്കിയ കൂട്ടക്കുരുതിയായിരുന്നു വെഞ്ഞാറമൂടിലേത്. 23-കാരനായ അഫാൻ തന്റെ ഇളയസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരന്റെ ഭാര്യ, പിതൃമാതാവ്, പെൺസുഹൃത്ത് എന്നിവരെ ചുറ്റികയ്‌ക്ക് അടിച്ച് കൊല്ലുകയായിരുന്നു. മാതാവ് ഷെമിയെ ആക്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് അഫാന്റെ മൊഴി.