2025 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫലം രോഹിത്തിന്റെ ക്യാപ്റ്റൻസിയുടെ ഭാവിയും നിശ്ചയിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി ബിസിസിഐ അണിയറ ചർച്ചകൾ തുടങ്ങിയതായാണ് സൂചന. ഫൈനലിന് ശേഷം 2027 ലെ ഏകദിന ലോകകപ്പിന്റെയും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെക്കുറിച്ചുമുള്ള പദ്ധതികൾ തീരുമാനിക്കും. ഇതിന് ടീമിനെ നയിക്കാൻ കഴിയുന്ന സ്ഥിരതയുള്ള ഒരു ക്യാപ്റ്റനെയാണ് ബിസിസിഐ തിരയുന്നത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ബിസിസിഐയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്. രോഹിത്തിനും ഈ തീരുമാനത്തിൽ എതിർപ്പില്ലെന്നും അതിനാൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യ പുതിയ ഏകദിന ക്യാപ്റ്റനെ നിയമിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
തന്റെ ഉള്ളിൽ ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് രോഹിത് ഇപ്പോഴും വിശ്വസിക്കുന്നു. മുന്നോട്ടുള്ള പദ്ധതികൾ അറിയിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കൽ രോഹിത്തിന്റെ തീരുമാനമാണ്. പക്ഷേ നായകസ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് മറ്റൊരു ചർച്ച നടക്കും. ലോകകപ്പിന് തയ്യാറെടുക്കണമെങ്കിൽ സ്ഥിരതയുള്ള ഒരു ക്യാപ്റ്റന്റെ ആവശ്യകത രോഹിതിന് തന്നെ മനസ്സിലാകും. കോലിയുമായും ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.