മലപ്പുറം: ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ കൊടൂര് വച്ചാണ് സംഭവം. മർദ്ദനമേറ്റ ലത്തീഫ് ആശുപത്രിയിൽവച്ചാണ് മരിച്ചത്. സമാന്തര സർവ്വീസ് നടത്തിയെന്ന പറഞ്ഞായിരുന്നു മർദനം.
തിരൂർ – മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന പിടിബി ബസിലെ ജീവനക്കാരാണ് ലത്തീനെ മർദിച്ചത്. വടക്കേമണ്ണയിലേക്ക് ഓട്ടം പോയി തിരിച്ചുവരുന്നതിനിടെ വഴിയിൽ വെച്ച് രണ്ട് സ്ത്രീകൾ ലത്തീഫിന്റെ ഓട്ടോയിലേക്ക് കയറി. ഇതുകണ്ട ബസ് ജീവനക്കാർ ബസ് കുറുകെയിട്ട് ഓട്ടോ തടയുകയും ലത്തീഫിനെ മർദിക്കുകയുമായിരുന്നു. കഴുത്തിൽ കുത്തിപ്പിടിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു എന്നാണ് ലത്തീഫിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
മൂന്ന് ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുൻപും സമാനമായ ആരോപണങ്ങൾ ഇതേ ബസ് ജീവനക്കാർക്കെതിരെ ഉയർന്നിട്ടുണ്ട്.















