S Jaishankar : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്താൻ ഭീകരരുടെ അതിക്രമത്തെ കുറിച്ച് യുകെ പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. വിദേശകാര്യ മന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ എം പി ബോബ് ബ്ലാക്മാൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ തടയുന്നതിന് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും വിദേശ നയതന്ത്ര സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഖാലിസ്ഥാനി ഗുണ്ടകളുടെ ആക്രമണം’ എന്നാണ് ബോബ് ബ്ലാക്മാൻ വിഷയത്തെ കുറിച്ച് പരാമർശിച്ചത്. ‘ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് സുരക്ഷ ഒരുക്കുന്നതിൽ പൊലീസും സുരക്ഷാ സേനയും പരാജയപ്പെട്ടു. ഇത് ജനാധിപത്യത്തിന് അപമാനകരമാണ്. ഈ സംഭവം ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും’ അദ്ദേഹം പറഞ്ഞു.
ലേബർ പാർട്ടിയുടെ ഹൗസ് ഓഫ് കോമൺസ് നേതാവായ ലൂസി പവലും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഒരിക്കലും അംഗീകരിക്കാനാകാത്ത സംഭവമാണ് നടന്നതെന്നും വിദേശത്തുള്ള നേതാക്കൾ നമ്മുടെ രാജ്യത്തിലേക്ക് വരുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.
ലണ്ടനിലെ ചാത്തം ഹൗസിന് മുന്നിൽ എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്ഥാനികളുടെ ആക്രമണശ്രമത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. സുരക്ഷാവീഴ്ച സംഭവിച്ചുവെന്നും വിഘടനവാദികളും തീവ്രവാദികളും ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.















