ലഹരി ഉപയോഗത്തിന്റെ വലയിൽ കുരുങ്ങി കുട്ടികളും യുവജനങ്ങളും ജീവിതം നശിപ്പിക്കുന്ന ചെയ്യുന്ന കാഴ്ചയാണ് ഇന്ന് മലയാളികൾക്ക് മുൻപിലുള്ളത്. ഏറെ ആശങ്കാജനകമായ ഈ സാഹചര്യത്തിൽ ലഹരിയുടെ കുരുക്കിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുക വെല്ലുവിളിയാവുകയാണ്. സിന്തറ്റിക് ലഹരി ഉപയോഗിച്ച് തിരിച്ചടികൾ നേരിടുകയും ഇതോടെ ലഹരിയുടെ വഴി ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ തീരുമാനമെടുക്കുകയും ചെയ്ത തൃശൂർ സ്വദേശിയായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. വടക്കാഞ്ചേരി സ്വദേശിയായ ഷഹബാസ് മനോരമന്യൂസിന് നൽകിയ പ്രതികരണത്തിൽ തൃശൂർ നഗരത്തിലും ജില്ലയുടെ മറ്റിടങ്ങളിലും ലഹരിയുടെ വ്യാപനവും വിൽപ്പനയും എത്രത്തോളം വ്യാപകമാണെന്ന് വിശദമാക്കുന്നു. പെൺകുട്ടികളെ വലയിൽ വീഴ്‌ത്തുന്നതിനും കാമുകന്മാർ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് ഷഹബാസിന്റെ വെളിപ്പെടുത്തൽ. യുവാവിന്റെ വാക്കുകളിലേക്ക്..
“പത്താം ക്ലാസ് മുതൽ കഞ്ചാവ് വലിക്കാൻ തുടങ്ങി. വലിയ ചേട്ടന്മാരോട് കമ്പനികൂടിയാണ് കഞ്ചാവ് ഒപ്പിച്ചിരുന്നത്. ഇടയ്‌ക്ക് നിർത്തും, വീണ്ടും തുടങ്ങും. ഇതിനിടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പല കേസുകളിലും പെട്ടു. എട്ടോളം കേസുകൾ എനിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. സിന്തറ്റിക് ലഹരിയും ഉപയോഗിക്കാൻ തുടങ്ങി. 2020 മുതലാണ് സിന്തറ്റിക് ഉപയോഗിക്കാൻ തുടങ്ങിയത്. പല കേസുകളിലും പെട്ട് ജയിലിൽ കഴിയുമ്പോൾ അവിടെയും ലഹരി ലഭ്യമായിരുന്നു.
ഇപ്പോഴത്തെ കാലത്ത് പത്ത്, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ലഹരിവാങ്ങാൻ ഇഷ്ടംപോലെ വരുന്നുണ്ട്. ഇതിൽ തന്നെ പെൺകുട്ടികളുമുണ്ട്. കാമുകന്മാർ എംഡിഎംഎ കലർത്തിയ ജ്യൂസ് പെൺകുട്ടികൾക്ക് നൽകുന്നതും ഞാൻ കണ്ടിട്ടുണ്ട്. എംഡിഎംഎ എന്നുപറഞ്ഞാൽ, അതെടുക്കുമ്പോൾ റൊമാന്റിക് മൂഡ് ഹെവിയാകും. അതുകൊണ്ട് പെൺകുട്ടികളറിയാതെ അവർക്ക് നൽകുന്ന ജ്യൂസിൽ കലർത്തിയാണ് കാമുകന്മാർ ഇത് നൽകുന്നത്. രണ്ട് തവണ കുടിക്കുമ്പോഴേക്കും അഡിക്റ്റ് ആകും. അങ്ങനെ പെൺകുട്ടികളെ വലവീശി പിടിക്കുന്ന ബോയ്സ് തൃശൂരിൽ തന്നെയുണ്ട്.
എംഡിഎംഎ ഉപയോഗിക്കുമ്പോൾ ഓരോരുത്തർക്കും ഓരോ മൂഡായിരിക്കും വരിക. അതുപോലെ തന്നെ ഇതിന്റെ ഉപയോഗം നിർത്തുമ്പോൾ അനുഭവപ്പെടുന്ന പ്രയാസങ്ങളും വ്യത്യസ്തമായിരിക്കും. എനിക്ക് ഉറക്കമില്ലായ്മയാണ് അനുഭവപ്പെട്ടത്. ഡിപ്രഷനിലേക്ക് പോയിട്ടില്ല. കഞ്ചാവ് ഉപയോഗിക്കുന്നതുപോലെയല്ല, സിന്തറ്റിക് ഉപയോഗിക്കുമ്പോൾ പല്ലുവരെ പൊട്ടിപ്പോകും. എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്.
തൃശൂർ ജില്ലയുടെ കാര്യമെടുത്താൽ, എല്ലാ പഞ്ചായത്തിലും ഇതെല്ലാം ലഭ്യമാണെന്ന് പറയേണ്ടി വരും. ലഹരി വിൽപ്പനയ്‌ക്കും ഉപയോഗിക്കുന്നതിലും നിരവധി സ്ത്രീകളുമുണ്ട്.” – ഷഹബാസ് പറഞ്ഞുനിർത്തി.















