കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ വയറിനുള്ളിൽ വെളുത്ത തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. എൻഡോസ്കോപ്പി പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പ്രതിയെ ശസ്ത്രക്രിയക്ക് വിധേയനാമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മരണം.
ഇന്നലെയായിരുന്നു ഷാനിദിനെ സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് കണ്ടത്. കയ്യിലൊരു പൊതിയും ഉണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് ഓടാൻ ശ്രമിച്ചു. അതിനിടെ കയ്യിലുണ്ടായിരുന്ന പാക്കറ്റുകൾ വിഴുങ്ങുകയും ചെയ്തു. താൻ വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് പൊലീസിന്റെ പിടിയിലായതിന് പിന്നാലെ പ്രതി വെളിപ്പെടുത്തിയിരുന്നു. ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു പൊലീസ്.
ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രതിയെ മാറ്റി. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി, സ്കാനിംഗ് പരിശോധനകളിലാണ് വയറ്റിൽ രണ്ട് പാക്കറ്റുകളുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവ പുറത്തെടുക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിക്കുന്നതിനിടെ പ്രതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു. പോസ്റ്റ്മോർട്ടം പൂർത്തിയായതിന് ശേഷമേ മരണകാരണം സംബന്ധിച്ച വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് അമിതമായ അളവിൽ ശരീരത്തിനകത്ത് എത്തിയതാകാം മരണത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.















