കോഴിക്കോട്: വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന കുരുമുളക് മോഷ്ടിച്ചു. കോഴിക്കോട് ഓമശ്ശേരിയിലാണ് സംഭവം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതിയാണ് മോഷണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗേറ്റിന് പുറത്ത് ബൈക്ക് നിർത്തിയതിന് ശേഷം ഹെൽമെറ്റ് തലയിൽ വച്ചാണ് യുവതി വീട്ടുമുറ്റത്തേക്ക് പ്രവേശിച്ചത്. പതിയെ നടന്നുവന്ന് പരിസരം നിരീക്ഷിക്കുകയും ആൾപെരുമാറ്റം കേൾക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കുരുമുളക് ചാക്കിലാക്കി കൊണ്ടുപോവുകയുമായിരുന്നു. കിലോയ്‌ക്ക് 630-680 രൂപ വരെ ലഭിക്കുന്ന സമയത്താണ് ഇത്രയധികം കുരുമുളക് മോഷണം പോയത്.
നെല്ലിക്കൽ സ്കറിയയുടെ വീട്ടിലെ കുരുമുളകാണ് മോഷ്ടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ സഹിതം വീട്ടുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷ്ടാവിനെയും ബൈക്ക് യാത്രികനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കോടഞ്ചേരി പൊലീസ്.















