ബെംഗളൂരു: കന്നട നടി രണ്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി സിബിഐ സംഘം ബെംഗളൂരുവിലെത്തി. സ്വർണക്കടത്തിന് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിനായി കേസ് സിബിഐ ഏറ്റെടുത്തത്.
രണ്യയുടെ വിദേശ ബന്ധങ്ങൾ കണ്ടെത്തുന്നതിന് സമഗ്ര അന്വേഷണം നടത്താനാണ് സിബിഐയുടെ നീക്കം. രണ്യ റാവുവിന്റെ മൊബൈൽ ഫോണും ലാപ്ടാേപ്പും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഡയറക്ട്രേറ്റ് റവന്യൂ ഇന്റലിജൻസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരോടൊപ്പം രണ്യ റാവുവിനെ കോടതിയിൽ ഹാജരാക്കി.
ഡിആർഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രതിയുടെ അഭിഭാഷകന് എല്ലാ ദിവസവും 30 മിനിറ്റ് പ്രതിയുമായി സംസാരിക്കാമെന്ന് കോടതി ഉത്തരവിട്ടു. മാർച്ച് 10 വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു.
കോടതി മുറിയിൽ രണ്യ റാവു പൊട്ടിക്കരഞ്ഞുവെന്ന് അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും മാനസിക സംഘർഷം അനുഭവപ്പെടുന്നുണ്ടെന്നും രണ്യ റാവു അഭിഭാഷകനോട് പറഞ്ഞു.