ഡൽഹിയിലെ വനിതകൾക്ക് മാസം 2,500 രൂപ വീതം നൽകുന്ന മഹിളാ സമൃദ്ധി യോജനയ്‌ക്ക് മന്ത്രിസഭയുടെ അംഗീകാരം. വനിതാ ദിനത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്. ഒരു വർഷത്തേക്ക് 5,100 കോടി രൂപയാണ് പദ്ധതിക്കായി ബിജെപി സർക്കാർ നീക്കിവച്ചത്.
കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ പദ്ധതി നാടിന് സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു. രാജ്യതലസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുന്നതിൽ ഡൽഹിയിലെ സ്ത്രീകൾ നൽകിയ ഗണ്യമായ സംഭാവനയ്‌ക്ക് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു. വനിതാ വോട്ടർമാരുടെ അനുഗ്രഹവും പിന്തുണയും കൊണ്ട് മാത്രമാണ് തെരഞ്ഞെടുപ്പിൽ ഉന്നതവിജയം നേടാൻ ബിജെപിക്ക് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് മാസം 2,500 രൂപ നൽകുന്ന മഹിളാ സമൃദ്ധി യോജനയുടെ രജിസ്‌ട്രേഷനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി. മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക. 18-നും 60-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സർക്കാർ ജീവനക്കാരോ സർക്കാരിൽ നിന്ന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവരോ ആകരുത്. പദ്ധതിയുടെ ഭാഗമാകാൻ മൊബൈൽ ആപ്പിലൂടെ ആധാർ കാർഡ്, വോട്ടർ ഐഡി, ബിപിഎൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾക്കൊപ്പം അപേക്ഷ സമർപ്പിക്കണം.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാലിക്കുമെന്ന് മഹിളാമോർച്ച ദേശീയ അദ്ധ്യക്ഷ വനതി ശ്രീനിവാസൻ വ്യക്തമാക്കി. ബിജെപി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച ഡൽഹിയിലെ ആംആദ്മി പാർട്ടി നേതാക്കൾക്കുള്ള മറുപടി കൂടിയാണ് വനിതാ ദിനത്തിലെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നൽകിയ വമ്പൻ പ്രഖ്യാപനമാണ് അതിവേഗം നടപ്പിലാക്കിയതെന്ന പ്രത്യേകതയുമുണ്ട്.















