എഡിഎം നവീൻ ബാബുവിനെ പരസ്യമായി അപഹസിക്കാൻ സിപിഎം നേതാവ് പിപി ദിവ്യ ആസൂത്രിത ശ്രമം നടത്തിയെന്ന് റിപ്പോർട്ട്. നവീനെ അപമാനിക്കാൻ യാത്രയയപ്പ് ചടങ്ങിനെ ഉപയോഗിക്കുകയായിരുന്നു ദിവ്യ. ഇക്കാര്യം സാധൂകരിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തൽ.
യാത്രയയപ്പ് ചടങ്ങിന് മുൻപ് ദിവ്യയുടെ സഹായി നാലുപ്രാവശ്യം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചിരുന്നു. പരിപാടി ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ ജീവനക്കാരുടെ മൊഴി. എന്നാൽ ഇത്രയേറെ ആസൂത്രണങ്ങൾ ചെയ്തിട്ടും, “ഇതുവഴി പോയപ്പോൾ കയറിയന്നേയുള്ളൂ” എന്നായിരുന്നു പിപി ദിവ്യയുടെ മൊഴി. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിനായി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് യാതൊരു തെളിവുമില്ലെന്നും റിപ്പോർട്ടിലുണ്ട്.
പിപി ദിവ്യ പലതവണ കളക്ടറെ വിളിച്ചിരുന്നു. കളക്ടറുടെ ഓഫീസിലെ സ്റ്റാഫിനെതിരെ വിവരം പങ്കുവെക്കാനുണ്ടെന്ന് ദിവ്യ പറഞ്ഞതായി അരുൺ കെ വിജയൻ മൊഴി നൽകിയിട്ടുണ്ട്. യാത്രയയപ്പ് ദിവസം രാവിലെ നടന്ന മറ്റൊരു പരിപാടിയിൽ കളക്ടറെ നേരിൽ കണ്ടപ്പോൾ നവീൻ ബാബുവിനെതിരായ അഴിമതി ആരോപണം പിപി ദിവ്യ പങ്കുവച്ചിരുന്നു. പരാതിയുണ്ടെങ്കിൽ നൽകാൻ കളക്ടർ മറുപടി നൽകി. എന്നാൽ തെളിവ് തന്റെ പക്കൽ ഇല്ലെന്നായിരുന്നു ദിവ്യയുടെ പ്രതികരണം. വിഷയം വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ദിവ്യ പറഞ്ഞതായും കളക്ടർ അരുൺ കെ വിജയൻ മൊഴി നൽകി.
ഉച്ചയ്‌ക്ക് ശേഷം ദിവ്യയുടെ സഹായി കളക്ടറുടെ സ്റ്റാഫിന് പലയാവൃത്തി വിളിച്ചു. ചടങ്ങ് തുടങ്ങിയോയെന്ന് അന്വേഷിച്ചു. ഇതിന് പിന്നാലെ ദിവ്യ ഫോണിൽ ബന്ധപ്പെട്ടു. ചടങ്ങിന് വരുമെന്ന് കളക്ടറോട് പറയുകയും ചെയ്തു. അഴിമതി ആരോപണം പറയാൻ ഉചിതമായ സമയം ഇതല്ലെന്ന് കളക്ടർ ഉപദേശിച്ചു. എന്നിട്ടും ദിവ്യ ചടങ്ങിനെത്തി. ഒപ്പം പ്രാദേശിക ചാനലുകാരും. ദിവ്യ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ചടങ്ങ് ഷൂട്ട് ചെയ്യാനെത്തിയതെന്നും വീഡിയോ ഫൂട്ടേജ് ദിവ്യക്ക് അയച്ചുകൊടുത്തെന്നും കണ്ണൂർ വിഷൻ പ്രതിനിധികൾ മൊഴി നൽകി.
യാത്രയയപ്പിന് ശേഷം ദിവ്യ കളക്ടറെ വിളിച്ചു. നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ടെന്നും അടിയന്തര അന്വേഷണമുണ്ടാകുമെന്നും കളക്ടറോട് ദിവ്യ പറഞ്ഞതായും ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാത്രയയപ്പ് ചടങ്ങിന് ക്ഷണിച്ചത് കളക്ടറാണെന്ന മൊഴിയാണ് പിപി ദിവ്യ ഇവിടെയും ആവർത്തിച്ചിരിക്കുന്നത്. എന്നാൽ ആരേയും ക്ഷണിച്ചിട്ടില്ലെന്ന മൊഴിയിൽ കളക്ടറും ഉറച്ചുനിൽക്കുന്നു.
റിപ്പോർട്ടിലെ നിർണായക കണ്ടെത്തൽ: നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ല.