കൊല്ലത്ത് വീണ്ടും ലഹരിവേട്ട. സിപിഎം പ്രവർത്തകന്റെ ഗോഡൗണിൽ നിന്നും വൻ തോതിൽ നിരോധിത ലഹരി പദാർത്ഥങ്ങൾ പിടികൂടി. ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി ദീപുവിന്റെ ഗോഡൗണിൽ നിന്നാണ് 50 ചാക്ക് നിരോധിത ലഹരി പദാർത്ഥങ്ങൾ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ഇയാൾ കടന്നുകളഞ്ഞു. ദീപുവിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കൈരളി ഫുഡ്‌സ് എന്ന കടയുടെ ഗോഡൗണിലാണ് ലഹരി പദാർത്ഥങ്ങൾ സൂക്ഷിച്ചിരുന്നത്. വൻ തോതിൽ ലഹരി വിൽപന നടത്തി വരികയായിരുന്നു ഇയാൾ. വിപണിയിൽ 23 ലക്ഷം വരുന്ന നിരോധിത ലഹരി പദാർത്ഥങ്ങളാണ് ദീപുവിന്റെ ഗോഡൗണിൽ നിന്ന് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.















