ന്യൂയോർക്ക്: കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്ഥാൻ അനുകൂലികളാണ് ആക്രമണം നടത്തിയത്. ക്ഷേത്രചുവരുകളിൽ കരിതേച്ച് വികൃതമാക്കിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലിഫോർണിയ കേന്ദ്രീകരിച്ച് നടക്കുന്ന ഏഴാമത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ട്.
ദക്ഷിണ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ BAPS ശ്രീ സ്വാമിനാരായൺ മന്ദിർ ആണ് ആക്രമിക്കപ്പെട്ടത്. കാലിഫോർണിയയിലെ ഷിനോ ഹിൽസിലാണ് ഈ ക്ഷേത്രമുള്ളത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന പരാമർശങ്ങളും ക്ഷേത്രചുവരിൽ എഴുതിയിട്ടുണ്ട്.
ആക്രമണത്തെ അപലപിച്ച BAPS പബ്ലിക് അഫയേഴ്‌സ് എക്സിലൂടെ പ്രതികരണക്കുറിപ്പ് പങ്കുവച്ചു. എല്ലാവിധ വിദ്വേഷങ്ങൾക്കെതിരെയും ഉറച്ചുനിൽക്കുന്നവരാണ് ഹിന്ദു സമൂഹമെന്നും ദക്ഷിണ കാലിഫോർണിയയിൽ ഹിന്ദുവിദ്വേഷം വേരൂന്നാൻ അനുവദിക്കില്ലെന്നുമാണ് കുറിപ്പ്.
വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ CoHNA ആക്രമണത്തെ അപലപിച്ചു. വിദ്വേഷത്തിന്റെ പേരിൽ യുഎസിലെ ഹിന്ദു ക്ഷേത്രങ്ങളെ തീവ്രവാദികൾ ആവർത്തിച്ച് ലക്ഷ്യമിടുന്നതായി CoHNA ചൂണ്ടിക്കാട്ടി. ഹിന്ദു വിരുദ്ധത ഇല്ലെന്നും ഹിന്ദുഫോബിയ എന്നത് ഭാവനാനിർമ്മിതി മാത്രമാണെന്നും അവകാശപ്പെടുന്ന മാദ്ധ്യമങ്ങൾക്കും അക്കാദമിക് വിദഗ്ധർക്കും മുൻപിൽ ഈ സംഭവത്തെ സമർപ്പിക്കുകയാണെന്ന് CoHNA പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ന്യൂയോർക്കിലെ BAPS ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണം നടന്ന് ദിവസങ്ങൾക്കുള്ളിൽ സാക്രമെന്റോയിലെ BAPS ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിലെ ചുവരുകളും പ്രകോപനപരമായ സന്ദേശങ്ങൾ കൊണ്ട് വികൃതമാക്കപ്പെട്ടിരുന്നു.