എറണാകുളം: കൊച്ചിയിൽ നടന്ന പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് 300 പേർ. കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിനഗരം കേന്ദ്രീകരിച്ച് പൊലീസിന്റയും എക്സൈസിന്റെയും മിന്നൽ പരിശോധന നടന്നത്. 77-ഓളം കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കടത്തിയവരും ഉപയോഗിച്ചവരുമാണ് പൊലീസിന്റെ വലയിലായത്.
മദ്യപിച്ച് വാഹനമോടിച്ചതിന് 193 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുയിടങ്ങളിൽ ഇരുന്ന് മദ്യപിച്ചതിന് 26 കേസുകളും രജിസ്റ്റർ ചെയ്തു. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തു.
സംസ്ഥാനത്തുടനീളം പൊലീസിന്റെയും എക്സൈസിന്റെ മിന്നൽ പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം നിരവധി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ഹൈബ്രിഡ് കഞ്ചാവുമായി കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകൾ കൊച്ചിയിൽ പിടിയിലായിരുന്നു. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് 44 ലക്ഷം രൂപയുടെ കഞ്ചാവുമായാണ് യുവതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.
പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ വിഴുങ്ങിയ യുവാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. രണ്ട് പാക്കറ്റുകളാണ് യുവാവ് വിഴുങ്ങിയത്. അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കാനിരിക്കെയാണ് മരണം. മയക്കുമരുന്ന് കടത്തുന്നതിലും ഉപയോഗിക്കുന്നതിലും സ്ത്രീകൾ ഉൾപ്പെട്ടിരിക്കുന്നു എന്നതും ഗൗരവതരമാണ്.