കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് നേരെ വധഭീഷണി. താമരശേരി കോരങ്ങാട് ജിവിഎച്ച്എസ്എസിലെ പ്രധാന അദ്ധ്യാപകനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പ്രതികളായ വിദ്യാർത്ഥികളെ കൊലപ്പെടുത്തുമെന്നും പരീക്ഷ എഴുതിപ്പിക്കില്ലെന്നും ഊമക്കത്തിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് എല്ലാ പരീക്ഷയും എഴുതാൻ കഴിയില്ലെന്നും പരീക്ഷ കഴിയുന്നതിന് മുമ്പ് വകവരുത്തുമെന്നും കത്തിൽ പറയുന്നുണ്ട്. തപാൽ വഴിയാണ് അധികൃതർക്ക് കത്ത് ലഭിച്ചത്. വിലാസമോ മറ്റ് വിവരങ്ങളോ എഴുതിയിരുന്നില്ല. കത്ത് ലഭിച്ചയുടനെ സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അദ്ധ്യാപകൻ പൊലിസിന് കത്ത് കൈമാറിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ചു. പോസ്റ്റോഫീസ് സീൽ കണ്ടെത്തി അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അറസ്റ്റിലായ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലേക്ക് മാറ്റുന്നതിന് മുമ്പാണ് കത്ത് കിട്ടിയത്.
കേസിൽ ആറ് പേരാണ് പ്രതികൾ. ഇവരെ പരീക്ഷ എഴുതിപ്പിക്കുന്നതിന് എതിരെ ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് നാളെയാണ് പരിഗണിക്കുക.