വാഷിംഗ്ടൺ : കാലിഫോർണിയയിലെ ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ഇത്തര ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും ഐക്യരാഷ്‌ട്രസഭയോടും അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാനികളുടെ ആക്രമണത്തെ കുറിച്ച് ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കുകയായിരുന്നു സ്വാമി ചക്രപാണി മഹാരാജ്.
“പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ ആക്രമണങ്ങളെ കുറിച്ച് നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് ഇംഗ്ലണ്ട്, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ പോലും ഹൈന്ദവരുടെ വിശ്വാസങ്ങൾക്ക് സംരക്ഷണമില്ല. ഹൈന്ദവ സമൂഹത്തെ സംരക്ഷിക്കാൻ എല്ലാ വികസിത രാജ്യങ്ങളും ഒന്നിക്കണം. ട്രംപ് ഭരണകൂടത്തോട് എനിക്ക് പൂർണവിശ്വാസമുണ്ട്”.
ഹൈന്ദവരുടെ സുരക്ഷ ഉറപ്പാക്കികൊണ്ട്, അക്രമികളെ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസിലെ പ്രാദേശിക അധികാരികളിൽ നിന്ന് അക്രമികൾക്ക് പിന്തുണ ലഭിക്കുന്നുണ്ടോ എന്ന സംശയവും അദ്ദേഹം പങ്കുവച്ചു. ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യയും ശക്തമായി അപലപിച്ചിരുന്നു. ആരാധനാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദക്ഷിണ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്സ് ശ്രീ സ്വാമിനാരായൺ മന്ദിറിലാണ് ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയത്. ക്ഷേത്രചുവരുകൾ കരിതേച്ച് വികൃതമാക്കുകയും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന പരാമർശങ്ങൾ എഴുതുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ ബാപ്സ് ക്ഷേത്ര അധികൃതർ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു.















