ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സ്റ്റുഡൻ്റ്സ് പാർലമെന്റിന് ഞായറാഴ്ച തുടക്കമായി.ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മൂന്ന് ദിവസത്തെ വിദ്യാർത്ഥി പാർലമെൻ്റിന്റെ ആദ്യ ദിവസം ട്രൈബൽ സ്റ്റുഡൻ്റ്സ് പാർലമെന്റ് നടന്നു (Tribals Students Parliament).കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് സഹമന്ത്രി ദുർഗാ ദാസ് ഒയിക്കെ മുഖ്യാതിഥിയായി.
എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ ഉപാദ്ധ്യക്ഷൻ അശുതോഷ് മാണ്ഡവി,
അഖില ഭാരതീയ ജൻജാതീയ ഛാത്ര കാര്യ പ്രമുഖ് പ്രമോദ് റാവത്ത്, പ്രോഗ്രാം കോ- കോർഡിനേറ്റർ & വിദർഭ പ്രാന്ത് സെക്രട്ടറി പായൽ കിനാകെ,ദില്ലി സംസ്ഥാന ഉപാധ്യക്ഷ സുമൻ മീണ, ദില്ലി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, എന്നിവർ സംസാരിച്ചു.
300ന് അടുത്ത് വനവാസി വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള 124 വനവാസി വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികളാണ് വിദ്യാർത്ഥി പരിഷത്തിന്റെ ഈ ചടങ്ങിൽ പങ്കെടുത്തത്.ബൈഗാ,ശഹരിയ,മാരിയ,മോഡിയ, എന്നീ ജനവിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ അവർ നേരിടുന്ന വെല്ലുവിളികളെ ക്കുറിച്ച് വിദ്യാർത്ഥി പാർലമെന്റിൽ സംസാരിച്ചു.വനവാസി വിദ്യാർഥികളുടെ സമകാലിക ജീവിതനിലവാരത്തെക്കുറിച്ചും, വിദ്യാഭ്യാസം , തൊഴിൽ എന്നീ മേഖലകളിൽ അവർക്ക് ലഭിക്കുന്ന അവസരങ്ങളെ ക്കുറിച്ചും സമഗ്രമായ ചർച്ച നടന്നു.
വനവാസി ജനവിഭാഗങ്ങളുടെ പുരോഗതിക്ക് അശ്രാന്ത പരിശ്രമം നടത്തുന്ന സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്നും ഈ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ് എന്നും കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് സഹമന്ത്രി ദുർഗ്ഗാ ദാസ് ഒയിക്കെ പറഞ്ഞു.വനവാസി സമൂഹത്തിന് ഭാരതത്തിന്റെ മഹനീയ സംസ്കാരവുമായി അഭേദ്യമായ ബന്ധം ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ഗുരു ശിഷ്യ ബന്ധം സാമൂഹിക സമരസതയുടെ ഉത്തമ ഉദാഹരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നമ്മൾ നമ്മുടെ മഹത്തായ പൈതൃകത്തിലും ഭാഷകളിലും അഭിമാനിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിതനും വാഗ്മിയുമായ ചാണക്യൻ ആദിവാസി വിഭാഗങ്ങളെ ഒത്തു ചേർത്താണ് രാഷ്‌ട്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചത് എന്നും അതോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും ബിർസ മുണ്ടയെ പോലുള്ള ധീരരായ ആദിവാസികൾ സുപ്രധാന പങ്ക് വഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.വനവാസി വിഭാഗങ്ങളിൽ തെറ്റിദ്ധാരണകൾ പടർത്തി ഭാരതത്തിന്റെ ഐക്യം തകർക്കുന്നതിന് രാജ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നു എന്നും നമ്മുടെ വൈവിധ്യമാർന്ന സംസ്കാരത്തിന്റെ അടിത്തറ ഊട്ടി ഉറപ്പിച്ച് ഇത്തരത്തിലുള്ള വെല്ലുവിളികളെ നേരിടണമെന്നും ദുർഗ്ഗാ ദാസ് ഒയിക്കെ വ്യക്തമാക്കി.ട്രൈബൽ സ്റ്റുഡന്റ്സ് പാർലമെന്റിന്റെ സമാപന സമ്മേളനത്തിൽ എബിവിപി ദേശീയ സംഘടന സെക്രട്ടറി ശ്രീ ആശിഷ് ചൗഹാൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു















