ബെയ്റൂട്ട്: സിറിയയിൽ രണ്ട് ദിവസം പിന്നിട്ട പ്രതികാരക്കൊലയിൽ മരണം 1,000 കടന്നു. സിറിയയിൽ സമീപത്ത് കാലത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ അനുയായികളും പിന്തുണയ്‌ക്കുന്നവരുമാണ് കൊല്ലപ്പെട്ടത്. ബനിയ പട്ടണത്തിലാണ് ഏറ്റവുമധികം ആളുകൾ പ്രതികാര ആക്രമണത്തിന് ഇരയായത്.
കൊല്ലപ്പെട്ടവരിൽ 745 സാധാരണക്കാരും 125 സർക്കാർ സുരക്ഷാ സേനാംഗങ്ങളും 148 ഭീകരരുമാണ്. പുറത്താക്കപ്പെട്ട പ്രസിഡന്റ് അസദിന്റെ അനുയായികൾ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ കൂട്ടക്കൊല നടത്തിയാണ് സർക്കാർ സേന പ്രതികാരംവീട്ടുന്നത്. അസദിനെ പുറത്താക്കിയതിന്റെ വിരോധമാണ് സായുധ ഗ്രൂപ്പുകൾ കലാപത്തിലൂടെ പ്രകടമാക്കിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സിറിയയിൽ തുടർച്ചയായി പ്രതികാര ആക്രമണങ്ങൾ നടന്നുവരികയാണ്. മാർച്ച് ആറിന് ജബ്ലെയിലെ തീരദേശ പ്രദേശത്ത് അസദ് അനുകൂല സായുധ സംഘങ്ങൾ സർക്കാർ സേനയെ ആക്രമിച്ചിരുന്നു. സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളും ലക്ഷ്യമിട്ട് സായുധ സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്.
അസദിനെ പിന്തുണക്കുന്നവർ മലയോര മേഖലകളിലേക്ക് പാലായനം ചെയ്യുന്നുണ്ട്. ബനിയയിൽ മൃതദേഹങ്ങൾ വഴിയോരങ്ങളിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. ലഡാക്കിയ, ജബ, താർത്തൂസ് എന്നിവിടങ്ങളിലും അസദിന്റെ അനുയായികളും സർക്കാർ സേനയും ഏറ്റുമുട്ടി. പ്രക്ഷോഭക്കാർ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും അടിച്ചുതകർത്തു. മലനിരകളിൽ കഴിയുന്ന 5,000- ത്തോളം അസദ് അനുകൂലികളെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.