തൃശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം. ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ആനയോട്ടവും കൊടിയേറ്റവും ഇന്ന് നടക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മാർച്ച് 19-നാണ് സമാപിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ആനകളും ഭക്തരും തമ്മിൽ കൃത്യമായ അകലം പാലിച്ചാണ് ആനയോട്ടം നടക്കുന്നത്.
ആനയോട്ടത്തില്‍ മുന്‍ നിരയില്‍ ഓടാനുള്ള മൂന്ന് ആനകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ബാലു, ചെന്താമരാക്ഷന്‍, ദേവി എന്നീ ആനകളെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. പത്ത് ആനകളാണ് ആനയോട്ട ചടങ്ങില്‍ പങ്കെടുക്കുക. രാത്രി എട്ട് മണിക്കാണ് കൊടിയേറ്റ് നടക്കുക. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പി സി ദിനേഷ് നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ സ്വർണക്കൊടി മരത്തിൽ സപ്തവർണക്കൊടിയേറ്റും.
18-ന് രാത്രി 10 മണിക്കാണ് പള്ളിവേട്ട നടക്കുക. അവസാന ദിവസമായ 19-ന് രാത്രി 10 മണിക്ക് ആറാട്ട് നടക്കും. തുടർന്ന് 11 മണിയോടെ എതിരേൽപ്പിനും ആനയോട്ടത്തിനും ശേഷമായിരിക്കും കൊടിയിറക്കൽ നടക്കുക.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്രഹ്മകലശം അഭിഷേകം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ നടന്ന ബ്രഹ്മകലശാഭിഷേക ദർശനത്തിനായി ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രസന്നിധിയിലെത്തിയത്.















