ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് രാജ്യം മുഴുവൻ. 12 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ചാമ്പ്യൻസ് ട്രോഫി എത്തിയതാകട്ടെ ഹിറ്റ്മാൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലും. ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനും നിരവധി ഓർമകൾ സമ്മാനിച്ച ഫൈനൽ മത്സരം കൂടിയായിരുന്നു അത്. എന്നാൽ ഇന്ത്യയുടെ വിജയത്തോടെ സോഷ്യൽമീഡിയയിൽ വീണ്ടും എയറിലായിരിക്കുകയാണ് കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്.
രോഹിത് ശർമയെ അപഹസിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്തതിന് പിന്നാലെ ഷമയ്‌ക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു. രോഹിത്തിന്റെ തടിയായിരുന്നു ഷമയെ അലോസരപ്പെടുത്തിയത്. കായികതാരത്തിന് അനുയോജ്യമായ ശരീരമല്ല രോഹിത്തിന്റേത്, തടിയനാണ്, തടി കുറച്ചേ പറ്റൂ.. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അനാകർഷകമായ ക്യാപ്റ്റനാണ് രോഹിത്തെന്നും ഷമ അധിക്ഷേപിച്ചു. അന്നേദിവസം ക്രിക്കറ്റ് പ്രേമികൾ ഷമയ്‌ക്ക് കണക്കിന് മറുപടി കൊടുത്തതിന് പിന്നാലെ പോസ്റ്റ് മുക്കിയെങ്കിലും അവർ അഭിപ്രായത്തിൽ ഉറച്ചുനിന്നിരുന്നു. പ്രസ്താവന പിൻവലിക്കാനോ മാപ്പ് പറയാനോ തയ്യാറായില്ല. ഒടുവിൽ ചാമ്പ്യൻസ് ട്രോഫി കിരീടം രോഹിത് ശർമ ഏറ്റുവാങ്ങിയതോടെ വീണ്ടും എയറിൽ പോകാനായിരുന്നു ഷമയുടെ വിധി.
ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എക്സിലും ഷമാ മുഹമ്മദിനെ ട്രോൾ ചെയ്തുള്ള പോസ്റ്റുകളുടെ മലവെള്ളപ്പാച്ചിൽ.. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിനൊപ്പം രാജ്യമെങ്ങും ഷമയ്‌ക്കെതിരെ ട്രോൾ മഴ ചൊരിഞ്ഞു. ഇന്ത്യ ചാമ്പ്യനായതിൽ വേദനയോടെ സന്തോഷിക്കേണ്ടി ഏക വ്യക്തി ഷമാ മുഹമ്മദ് ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പരിഹാസം.
ഇതിനിടെ ജാള്യത മറച്ച് ഇന്ത്യയുടെ വിജയത്തെയും രോഹിത്തിന്റെ പ്രകടനത്തെയും അഭിനന്ദിച്ച് ഷമാ മുഹമ്മദ് രംഗത്തുവന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്ക് ഹാറ്റ്സ് ഓഫ്!! എന്നായിരുന്നു ഷമയുടെ കുറിപ്പ്. എന്നാൽ ഈ പോസ്റ്റ് കണ്ട് ഷമയോട് ക്ഷമിക്കാൻ മാത്രം വിശാലഹൃദയരായിരുന്നില്ല ക്രിക്കറ്റ് ആരാധകർ.
കോൺഗ്രസ് വക്താവിനെ അടിമുടി ട്രോളി വാരിയുടുത്ത് ക്രിക്കറ്റ് പ്രേമികൾ മറുപടി നൽകി. രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ ട്രോളും ഏറെ ശ്രദ്ധേയമായി. SHAMAയും SHA”R”MAയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഇപ്പോൾ മനസിലായിക്കാണുമെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.