അമൃത്സർ: അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ. എഫ്ബിഐ അന്വേഷിക്കുന്ന ഷെഹ്നാസ് സിംഗ് എന്ന ഷോൺ ഭിന്ദർ ആണ് പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. ടാൺ ടരൺ പൊലീസാണ് ഇയാളെ പിടികൂടിയത്.
കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും കൊക്കെയ്ൻ കടത്തിയത് ഷെഹ്നാസ് സിംഗ് ആണെന്നായിരുന്നു എഫ്ബിഐയുടെ കണ്ടെത്തൽ. ഇയാൾക്കായി ഏറെ നാളായി തിരച്ചിലിലായിരുന്നു അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ FBI. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി 26ന് ഷെഹ്നാസ് സിംഗിന്റെ നാല് സഹായികൾ അമേരിക്കയിൽ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്ന് പഞ്ചാബിൽ ഒളിവിൽ കഴിയുകയായിരുന്ന ഷെഹ്നാസ് സിംഗിനെ പ്രത്യേക ഓപ്പറേഷനിലൂടെ കണ്ടെത്തുകയായിരുന്നു പഞ്ചാബ് പൊലീസ്.
ഫെബ്രുവരി 26ന് സഹായികൾ അറസ്റ്റിലായതോടെയാണ് ഷെഹ്നാസ് സിംഗ് ഇന്ത്യയിലേക്ക് കടന്നത്. അമൃത്പാൽ സിംഗ്, അമൃത്പാൽ ചീമ സിംഗ്, ടക്ദീർ സിംഗ് എന്ന റോമി, സർബ്സിത് സിംഗ് എന്ന സബി, ഫെർണാണ്ടോ ഫ്രാങ്കോ എന്നിവരാണ് യുഎസിൽ പിടിയിലായ മറ്റുള്ളവർ. ഇവരിൽ നിന്ന് 391 കിലോ മെത്താഫെറ്റമീനും 109 കിലോ കൊക്കെയ്നും നാല് തോക്കുകളും അമേരിക്കൻ പൊലീസ് പിടികൂടിയിരുന്നു. ആഗോള ലഹരിക്കടത്തിന്റെ പ്രധാന കണ്ണിയാണ് ഷെഹ്നാസ് സിംഗ് എന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു.















