എറണാകുളം: അഭിഭാഷകയോട് ജഡ്ജി മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകന് സസ്പെൻഷൻ. വിഷയത്തെ കുറിച്ച് സംഘടനയെ അറിയിക്കാതെ ചർച്ച നടത്തിയതിനെ തുടർന്നാണ് നടപടി. അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെയാണ് സസ്പെൻഡ് ചെയ്തത്. അസോസിയേഷന്റെ അനുമതിയില്ലാതെയാണ് ചർച്ച നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജസ്റ്റിസ് എ ബദറൂദ്ദിനെതിരെയാണ് അഭിഭാഷക ആരോപണം ഉന്നയിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. ജസ്റ്റിസ് ബദറൂദ്ദീനെ ഹൈക്കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.
അഭിഭാഷകയോട് മോശമായി പെരുമാറിയതിന് തുറന്നകോടതിയിൽ ജസ്റ്റിസ് ബദറുദ്ദീൻ ക്ഷമ പറയണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകയുടെ പരാതിയിൽ അസോസിയേഷൻ ചർച്ച നടത്താനിരിക്കെയാണ് സംഘടനയെ അറിയിക്കാതെ ജോർജ് പൂന്തോട്ടത്തിൽ ചർച്ച നടത്തിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, അഭിഭാഷക എന്നിവർ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തിരുന്നു.
സംഭവത്തിന് പിന്നാലെ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിന് മുന്നിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഇടപെട്ട് വിഷയം പഠിക്കാൻ ചീഫ് ജസ്റ്റിസ് സാവകാശം തേടിയിരുന്നു. ജസ്റ്റിസ് ബദറുദീന്റെ കോടതി ബഹിഷ്ക്കരിക്കുമെന്നാണ് അഭിഭാഷകരുടെ നിലപാട്.















