കൊച്ചി: മാർക്സിസ്റ്റ് പാർട്ടി എന്നത് പിണറായി വിജയൻ പ്രൈവറ്റ് കമ്പനിയായി മാറിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎമ്മിന്റെ പ്രസംഗങ്ങളിൽ മാത്രമാണ് സ്ത്രീപക്ഷമുള്ളതെന്ന് അവർ വിമർശിച്ചു. കേരളത്തിൽ സ്ത്രീ പ്രാതിനിധ്യം കാണിച്ചുകൊടുത്ത പാർട്ടി ബിജെപിയാണെന്നും അവർ കൂട്ടിച്ചേർത്തു.
സോഷ്യലിസത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഒരു പാർട്ടിയിൽ കാലഘട്ടത്തിന്റെ അനിവാര്യത എന്ന രീതിയിൽ അരഡസൻ സ്ത്രീകളെങ്കിലും വരുമെന്നാണ് കരുതിയത്. എന്നാൽ സിപിഎമ്മിന്റെ പ്രസംഗത്തിൽ മാത്രമാണ് സ്ത്രീക്ക് തുല്യതയുള്ളത്. അത്തരം സാഹചര്യത്തിലൂടെയാണ് ആ പ്രസ്ഥാനം കടന്നുപോകുന്നത്. അതവരുടെ ആഭ്യന്തരമായ വിഷമായതിനാൽ കൂടുതൽ പറയുന്നില്ല.
ബിജെപിയിൽ ബൂത്തുതലം മുതൽ അഖിലേന്ത്യാ തലം വരെ 33 ശതമാനം വനിതാ പ്രാതിനിധ്യം വേണമെന്ന് തീരുമാനിച്ച് പാർട്ടിയുടെ ഭരണഘടനതന്നെ പൊളിച്ചെഴുതിയ ഞങ്ങളുടെ നേതാക്കളാണ് മുരളീ മനോഹർ ജോഷിയും അദ്വാനിയും. ഇവിടെ കേരളത്തിൽ അരഡസനിലധികം സ്ത്രീകൾ സംസ്ഥാന ഭാരവാഹികളായി പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യതലസ്ഥാനമടക്കം ഭരിക്കുന്നത് വനിതയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.















