കനേഡിയൻ ഫിലിംമേക്കറായ ജെയിംസ് കാമറൂണിന്റെ അവതാർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ഓർമകൾ പങ്കുവച്ച് നടൻ ഗോവിന്ദ. 18 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും താൻ അത് നിരസിക്കുകയാണ് ചെയ്തതെന്ന് താരം പ്രതികരിച്ചു. ബോളിവുഡ് താരം മുകേഷ് ഖന്നയുടെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പടുത്തൽ. അവതാർ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിൽ അഭിനയിക്കാൻ ലഭിച്ച അവസരം എന്തുകൊണ്ട് നിരസിച്ചുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
“21.5 കോടി രൂപ വരെ എനിക്ക് വാഗ്ദാനം ലഭിച്ചിരുന്നു. ഇക്കാര്യം ഇപ്പോഴും ഇത്ര ഓർത്തിരിക്കാൻ കാര്യമെന്തെന്നാൽ അത് ഞാൻ നിരസിച്ചത് വളരെ വേദനയോടെയാണ് എന്നതാണ് കാരണം. അമേരിക്കയിൽ ഒരു സർദാർ ജിയെ ഞാൻ കണ്ടുമുട്ടിയിരുന്നു. അദ്ദേഹത്തിന് ഞാൻ നൽകിയ ബിസിനസ് ഐഡിയ ശരിക്കും വർക്കായി. കുറച്ചുവർഷം കഴിഞ്ഞപ്പോൾ അദ്ദേഹം കൃതജ്ഞതയുടെ ഭാഗമായി എന്നെ ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി. ജെയിംസുമായി സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കായി അവരെ അത്താഴവിരുന്നിന് ഞാൻ ക്ഷണിച്ചു.
ജെയിംസ് എന്നോട് സിനിമയെക്കുറിച്ച് വിശദീകരിച്ചു. അപ്പോൾ ‘അവതാർ’ എന്ന ടൈറ്റിൽ നിർദേശിച്ചത് ഞാനായിരുന്നു. നായകൻ ദിവ്യാംഗനാണ്, 410 ദിവസമാണ് ഷൂട്ടിംഗിന് വേണ്ടി വരിക. തയ്യാറാണെങ്കിൽ 18 കോടി പ്രതിഫലം നൽകാം. ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ആദ്യം ഞാൻ ഓകെ പറഞ്ഞു. പിന്നീടാണ് ചിന്തിച്ചത്. ദേഹത്ത് ഇത്രയും നാൾ പെയിന്റ് ചെയ്യേണ്ടി വന്നാൽ ഞാൻ ആശുപത്രിയിലായകും.
ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ശരീരമെന്നത് വളരെ പ്രധാനപ്പെട്ട ഇൻസ്ട്രുമെന്റാണ്. ചില കാര്യങ്ങൾ പ്രൊഫഷണലിസത്തോടെ ചെയ്യേണ്ടി വരുമ്പോൾ അത് നമ്മുടെ ശരീരത്തിന് എന്തെല്ലാം പ്രത്യാഘാതം വരുത്തുമെന്ന് കൂടി പരിഗണിക്കേണ്ടതായി വരും. ചിലരോട് “പറ്റില്ല” എന്ന് പറഞ്ഞതിന്റെ പേരിൽ വർഷങ്ങളോളം ക്ഷമ ചോദിക്കേണ്ടതായി വന്നിട്ടുണ്ട്. അടുപ്പമുള്ളവർ ആണെങ്കിൽ പോലും പരസ്പരം ഈഗോ ഉണ്ടാകുമെന്നതിനാലാണ് അത്. “- ഗോവിന്ദ പറഞ്ഞു.
2009-ലായിരുന്നു ജെയിംസ് കാമറൂണിന്റെ അവതാർ റിലീസ് ചെയ്തത്. സീക്വലായ അവതാർ: ദി വേ ഓഫ് വാട്ടർ 2022ലും പുറത്തിറങ്ങി. അവതാർ മൂന്നാം ഭാഗവും നാലാം ഭാഗവും 2025, 2029 വർഷങ്ങളിലായി റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.