ബെംഗളൂരു: കന്നഡ നടി രണ്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സ്വർണക്കടത്ത് സംഘത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനാണ് സിബിഐയുടെ ലക്ഷ്യം. രണ്യ റാവുവിന്റെ വിദേശബന്ധം കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിൽ അനുമതി വാങ്ങിയിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളിലുടനീളം കള്ളക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിലാണ് സിബിഐ സംഘം. ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽ രണ്ട് സംഘങ്ങളായി അന്വേഷണം നടക്കുന്നുണ്ട്.
കള്ളക്കടത്തിന് സൗകര്യമൊരുക്കിയ കസ്റ്റംസ്, പൊലീസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കും അന്വേഷിച്ചുവരുന്നുണ്ട്. കള്ളക്കടത്ത് സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് രണ്യ റാവുവിനെ സിബിഐ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. കള്ളക്കടത്തിന് പിന്നിൽ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
നടിയുടെ സ്വർണക്കടത്ത് കേസിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. രണ്യ റാവു അറസ്റ്റിലായപ്പോൾ രണ്ട് കോൺഗ്രസ് മന്ത്രിമാർ അവരെ സഹായിക്കാൻ ശ്രമിച്ചെന്ന് ബിജെപി എംഎൽഎ വൈ ഭരത് ഷെട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.