ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാൻ ആർ. ജി വയനാടനെ പിന്തുണച്ച് സംവിധായകൻ. കള, ഇബ്‌ലിസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനായ രോഹിത് വി. എസ് ആണ് ന്യായീകരിച്ച് കൊണ്ട് രംഗത്തെത്തിയത്. കുംഭമേളയ്‌ക്കെത്തുന്ന സന്യാസിമാരും വിശ്വാസികളും ലഹരി ഉപയോഗിക്കുന്നവരാണ്. അവരുടെ കയ്യിൽ ഇതിലും കൂടുതൽ കഞ്ചാവുണ്ട്. താൻ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനാണ് തന്റെ മേക്കപ്പ് മാൻ എന്നായിരുന്നു രോഹിത്തിന്റെ പരാമർശം.
‘അതെ… അവൻ (കഞ്ചാവ്) വലിക്കാറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവൻ. ഒരിക്കലും വയലൻസ് കാണിച്ചിട്ടില്ല. കുംഭമേളയിലെ സന്യാസിമാരുടെ പക്കലുള്ള അത്രയും അളവിൽ കഞ്ചാവൊന്നും അവന്റെ കയ്യിലില്ല, ഒരു മയത്തിലൊക്കെ’…എന്നാണ് രോഹിത്തിന്റെ വാക്കുകൾ.
മഹാകുംഭമേളയെയും സന്യാസിമാരെയും അധിക്ഷേപിക്കുന്ന രോഹിത്തിന്റെ പ്രസ്താവയ്‌ക്കെതിരെ ശക്തായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് രഞ്ജിത് ഗോപിനാഥൻ എന്ന ആർ.ജി വയനാടനെ എക്‌സൈസ് സംഘം പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്തു.















