ന്യൂഡൽഹി: എബിവിപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന സ്റ്റുഡന്റ്സ് പാർലമെന്റ് സമാപിച്ചു.മൂന്നാം ദിവസമായ ചൊവ്വാഴ്ച ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ കൺവെൻഷൻ സെന്ററിൽ SEIL ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യാതിഥിയായി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ 95 വിദ്യാർത്ഥി സംഘടനകളുടെ 170 ഓളം പ്രതിനിധികളും, എബിവിപിയുടെ 100 പ്രവർത്തകരും ഈ ഐതിഹാസിക പരിപാടിയിൽ പങ്കെടുത്തിരുന്നു.ഓൾ ഒല്ലോ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ,ഓൾ മോൻപ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ,ഓൾ മെയോർ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ,ഓൾ മോൻപാ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ,ഓൾ തുത്സാ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ എന്നീ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ സ്റ്റുഡന്റ്സ് പാർലമെന്റിൽ എത്തിച്ചേർന്നിരുന്നു.
ആർ.എസ്.എസ് സഹ സർകാരവാഹക് ശ്രീ മുകുന്ദ സി.ആർ , കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോണാവാൾ ,, എബിവിപി ദേശീയ സംഘടന സെക്രട്ടറി ശ്രീ ആശിഷ് ചൗഹാൻ , എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി,SEIL ട്രസ്റ്റി സുനിൽ വസുമതാരി , എബിവിപി ദേശീയ സെക്രട്ടറി കമലേഷ് സിംഗ്, അരുണാചൽ പ്രദേശ് സംസ്ഥാന സെക്രട്ടറി
ഭിംകി യാദർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് പാർലമെന്റിൽ ആരോഗ്യം, വിദ്യാഭ്യാസം ,റോഡ്, റെയിൽ കണക്റ്റിവിറ്റി മദ്യനിരോധനത്തിന്റെ അനിവാര്യത എന്നീ വിഷയങ്ങളിൽ സമഗ്രമായ ചർച്ച നടന്നിരുന്നു.
വൈവിധ്യമാർന്ന സംസ്കാരം നിലനിൽക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നമ്മുടെ ഭാരതത്തിന് രത്നസമാനമാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.മേഖലയിലെ അക്രമസംഭവങ്ങളിൽ ഗണ്യമായ കുറവുവരുത്താൻ കേന്ദ്രസർക്കാരിനായി എന്നും അദ്ദേഹം വ്യക്തമാക്കി.വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനും സമാധാനത്തിനും വളരെ പ്രാധാന്യം നൽകുന്നു എന്നും അക്രമസംഭവങ്ങളുടെ എണ്ണം 70 ശതമാനം കുറഞ്ഞത് അതിന്റെ തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നതിന്റെ സംഖ്യ 89% കുറഞ്ഞു എന്നും അതേപോലെ ആഭ്യന്തര കലഹങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ 70% കുറവുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ വിവിധ സായുധ ഗ്രൂപ്പുകളുമായി 12 പ്രധാന കരാറുകളിൽ ഒപ്പുവെച്ചു. 10,500ൽ അധികമാളുകൾ ആയുധം താഴെവെച്ച് അക്രമത്തിന്റെ പാത വെടിഞ്ഞതായും അമിത്ഷാ പറഞ്ഞു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുടനീളം എല്ലാമേഖലയിലും പുരോഗതി ഉണ്ടായി എന്നും ഈ മേഖലക്കായി വലിയ തുകതന്നെ ബജറ്റുകളിൽ നീക്കിവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തി നിർമ്മാണത്തിന് പ്രാമുഖ്യം നൽകുന്ന ഒരേ ഒരു വിദ്യാർത്ഥി സംഘടന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്താണ് എന്നും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് എന്നും എബിവിപി ക്ക് പ്രാധാന്യമേറിയതെന്നും അദ്ദേഹം പറഞ്ഞു.ഭാരതത്തിന്റെ മഹത്തായ ഭാവിയിൽ ഭാഗവാക്കാകുവാൻ താത്പര്യം ഉള്ള എല്ലാ യുവാക്കളും എബിവിപിയിൽ ചേരേണ്ടത് അനിവാര്യമാണ് എന്നും അതേപോലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനകൾക്കിടയിൽ ഒരു മഹാസേതുവായി മാറാൻ എബിവിപി ശ്രമിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ, സുരക്ഷയ്‌ക്കും സംസ്കാരിക ഐക്യത്തിനും വളരെ ഏറെ പ്രാധാന്യം നൽകുന്ന സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സർബാനന്ദ സോണാവാൾ പങ്കെടുത്തിരുന്നു.















