പോർട്ട് ലൂയിസ്: ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധത്തിന് അതിരുകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്‌ക്കും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇന്ത്യയുടെ മേൽ പൂർണ അവകാശമുള്ള രാജ്യമാണ് മൗറീഷ്യസെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ത്യയുടെ സമുദ്രമേഖലയിലെ പ്രധാനപങ്കാളിയാണ് മൗറീഷ്യസ്. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തും. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം സർക്കാർ, സ്വകാര്യ മേഖലകളിലൂടെ വ്യക്തമായി കാണാൻ കഴിയുന്നു. പ്രകൃതിദുരന്തമായാലും കോവിഡ് മഹാമാരി ആയാലും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരു കുടുംബം പോലെ ഞങ്ങൾ എപ്പോഴും പരസ്പരം നിലകൊണ്ടിട്ടുണ്ട്”.
“കൊവിഡ് മഹാമാരിയിൽ അകപ്പെട്ടിരുന്നപ്പോൾ ഒരു ലക്ഷം വാക്സിനുകളും അവശ്യ മരുന്നുകളും മൗറീഷ്യസിൽ വിതരണം ചെയ്ത ആദ്യ രാജ്യമായിരുന്നു ഇന്ത്യ. മൗറീഷ്യസ് പ്രതിസന്ധി നേരിടുമ്പോൾ, ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ്. മൗറീഷ്യസ് പുരോഗതി കൈവരിക്കുമ്പോൾ ആദ്യം ആഘോഷിക്കുന്നതും ഇന്ത്യയാണ്”.
ആചാരപരമായ സ്വീകരണത്തിന് പ്രധാനമന്ത്രി നവീൻചന്ദ്രയോടും മൗറീഷ്യസ് സർക്കാരിനോടും ജനങ്ങളോടും നന്ദി അറിയിക്കുന്നു. ഒരിക്കൽ കൂടി മൗറീഷ്യസിന്റെ ദേശീയ ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ പേരിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.















