പോർട്ട് ലൂയിസ് : മൗറീഷ്യസിലെ ജനങ്ങൾക്കായി ഗംഗാജലം എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രയാഗ് രാജിൽ കഴിഞ്ഞ മാസം സമാപിച്ച മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ മൗറീഷ്യസ് ജനതയ്‌ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ഗംഗാജലം കൊണ്ടുവന്നത്. രാജ്യത്തിലെ പലർക്കും ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് താൻ ഈ പുണ്യജലം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പോർട്ട് ലൂയിസിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“66 കോടി ജനങ്ങൾ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ മഹാകുംഭമേള എല്ലാവരെയും അത്ഭുതപ്പെടുത്തി. മൗറീഷ്യസിലെ നിരവധി കുടുംബങ്ങൾക്ക് കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവരുടെ മാനിസകബുദ്ധിമുട്ടിനെ കുറിച്ച് എനിക്ക് മനസിലാക്കാൻ സാധിക്കും. നിങ്ങൾക്കായി ഞാൻ കൊണ്ടുവന്ന പുണ്യജലം ഗംഗാ തലാബ് നദിയിൽ ലയിപ്പിക്കും. ഗംഗാമാതാവിന്റെ അനുഗ്രത്താൽ മൗറീഷ്യസ് പുരോഗതിയുടെ പുതിയ ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു”.
1998 -ൽ അന്താരാഷ്‌ട്ര രാമായണ കോൺഫറൻസിൽ പങ്കെടുക്കാൻ ഞാൻ മൗറീഷ്യസിൽ എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ അനുഭവിച്ച അതേ വിശ്വാസം ഇന്നും എനിക്ക് അനുഭവിക്കാൻ കഴിയുകയാണ്. അയോദ്ധ്യയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മൗറീഷ്യസിലെ ജനങ്ങളുടെ വികാരങ്ങൾ ഞങ്ങൾ കണ്ടിരുന്നു. അന്ന് മൗറീഷ്യസ് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അർദ്ധ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സൗഹൃദത്തിന്റെ അടിത്തറയാണ് ഈ വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.















