മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സുമായി കരാറൊപ്പിട്ട് റിലയൻസ് ജിയോ. ഇന്ത്യയിൽ സ്റ്റാർലിങ്ക് വിൽക്കാൻ സ്‌പേസ് എക്‌സിന് ആവശ്യമായ അനുമതി ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും കരാർ. അങ്ങനെ സംഭവിച്ചാൽ, ജിയോ അതിന്റെ സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യും.
“എല്ലാ ഇന്ത്യക്കാരും എവിടെയായിരുന്നാലും, അതിവേഗ ബ്രോഡ്‌ബാൻഡ് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് എല്ലാവർക്കും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്,” റിലയൻസ് ജിയോയുടെ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു.
ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് ആക്‌സസ് വികസിപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. മറ്റേതൊരു ഓപ്പറേറ്ററെക്കാളും കൂടുതൽ മൊബൈൽ ഡാറ്റ കൈകാര്യം ചെയ്യുന്ന ജിയോ, ഇന്റർനെറ്റ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് നെറ്റ്‌വർക്ക് ഉപയോഗിക്കും. സ്റ്റാർലിങ്ക് ഉപയോക്താക്കൾക്കായി ഇൻസ്റ്റാളേഷൻ, ആക്ടിവേഷൻ, ഉപഭോക്തൃ പിന്തുണ എന്നിവയ്‌ക്കായി ജിയോ ഒരു സംവിധാനവും സജ്ജീകരിക്കും.
ഇന്റർനെറ്റ് ആക്‌സസ് വ്യാപകമാക്കാനുള്ള ജിയോയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ജിയോയുടെ നിലവിലുള്ള ബ്രോഡ്‌ബാൻഡ് നിരയിലേക്ക് ജിയോഫൈബറിനും ജിയോഎയർഫൈബറിനുമൊപ്പം സ്റ്റാർലിങ്ക് ഇന്റർനെറ്റും ലഭ്യമാകുന്നതോടെ ഇത് എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ വേഗത്തിലും സേവനങ്ങൾ എത്തിക്കാൻ സാധിക്കും. ജിയോയുടെ എതിരാളിയായ ഭാരതി എയർടെൽ സ്‌പേസ് എക്‌സുമായി സമാനമായ കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.