കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് 57-കാരി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് മരിച്ചത്. യൂട്രസ് നീക്കം ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്‌ക്കിടെ കുടലിന് മുറിവേൽക്കുകയും തുടർന്നുണ്ടായ അണുബാധയുമാണ് മരണത്തിന് കാരണം.
ആശുപത്രിയിലെ ഒ.പിയിൽ ചികിത്സ തേടിയ വിലാസിനിയെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായി ശസ്ത്രക്രിയയ്‌ക്ക് ശേഷം ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു.
വാർഡിലേക്ക് മാറ്റിയ രോഗിക്ക് ഞായറാഴ്ച കട്ടിയുള്ള ആഹാരം നൽകിയിരുന്നു. ഇതിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ടു. ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചപ്പോൾ ഗ്യാസിന്റെ പ്രശ്നമാണെന്നാണ് പറഞ്ഞത്. തുടർന്ന് അതിനുള്ള മരുന്നും നൽകി. പിന്നീട് വയറുവേദന കൂടിയതതോടെ അണുബാധയുണ്ടെന്നും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു. പിന്നീട് ശസ്ത്രക്രിയ നടത്തുകയും അണുബാധ കരളിലേക്ക് ബാധിച്ചെന്നും ഡോക്ടർമാർ പറഞ്ഞെന്നും ബന്ധുക്കൾ ആരോപിച്ചു.
കുടലിനെ ബാധിച്ച മുറിവ് കൃത്യമായി ചികിത്സിക്കാത്തതാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമെന്നാണ് വിവരം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളേജ് പൊലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്.