ആറ്റുകാൽ പൊങ്കാലയ്‌ക്കായി അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലുടനീളം പൊങ്കാല മഹോത്സവത്തിന്റെ ആരവങ്ങൾ മുഴങ്ങുകയാണ്. പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ പത്മനാഭന്റെ മണ്ണിലേക്ക് എത്തുന്നു. മൺകലത്തിൽ പൊങ്കാലയിടുന്നതിന് പിന്നിൽ ഒരു ഐതീഹ്യം ഉള്ളതുപോലെ ആറ്റുകാലമ്മയ്‌ക്ക് വേണ്ടി ഭക്തർ അർപ്പിക്കുന്ന ഓരോ നിവേദ്യങ്ങൾക്ക് പിന്നിലും ഒരോ വിശ്വാസങ്ങളുണ്ട്.
ആറ്റുകാലമ്മയ്‌ക്ക് ശർക്കര പായസമാണ് പ്രധാന നിവേദ്യമെങ്കിലും പത്തിലധികം വിഭവങ്ങൾ ഭക്തർ അമ്മയ്‌ക്ക് വേണ്ടി അർപ്പിക്കാറുണ്ട്. ശർക്കര പായസം, വെള്ളച്ചോറ്, മണ്ടപ്പുറ്റ്, തെരളിയപ്പം, ഇലയട, നെയ്പ്പായസം, മോദകം, അരവണ എന്നിങ്ങനെ നിരവധി വിഭവങ്ങൾ പട്ടികയിലുണ്ടാവും. പൊങ്കാല തിളച്ച് മാറ്റിയതിന് ശേഷമായിരിക്കും ബാക്കിയുള്ള വിഭാവങ്ങൾ തയാറാക്കുക.
ശർക്കര പായസം- ശർക്കരയും തേങ്ങയും പഴവും അരിയും ചേർത്താണ് ശർക്കര പായസം തയാറാക്കുന്നത്. ഇതാണ് ഭക്തർ പ്രധാനമായും അമ്മയ്‌ക്ക് വേണ്ടി നിവേദിക്കുന്നത്.
മണ്ടപ്പുറ്റ്- ശർക്കര പായസം കഴിഞ്ഞാൽ കൂടുതൽ ഭക്തരും തയാറാക്കുന്നത് മണ്ടപ്പുറ്റാണ്. ചെറുപയർ പൊടി, അരിപ്പൊടി, ശർക്കര, നെയ്യ്, ഏലയ്‌ക്ക എന്നിവ ചേർത്ത് കുഴച്ച് ആവിയിൽ വേവിച്ചാണ് മണ്ടപ്പുറ്റ് തയാറാക്കുന്നത്. കുട്ടികൾക്ക് വേണ്ടിയാണ് മണ്ടപ്പുറ്റ് നിവേദിക്കുന്നതെന്നാണ് വിശ്വാസം.
നെയ്പ്പായസം- അരിയിൽ ശർക്കര ഉരുക്കിയൊഴിച്ച് നന്നായി വേവിച്ചെടുക്കണം. ഇതിലേക്ക് നെയ്യ്, ചുക്കുപൊടി, ഏലയ്‌ക്ക് എന്നിവ പൊടിച്ചുചേർത്ത് നൽകുക. നന്നായി ഇളക്കിയ ശേഷം തേങ്ങാപ്പാൽ ചേർത്ത് കൊടുക്കണം.
തെരളിയപ്പം- പഴവും ശർക്കരയും ഏലയ്‌ക്കയും നന്നായി ചേർത്ത് വയണയിലയിൽ ചുരുട്ടി ആവിയിൽ വേവിച്ച് എടുക്കുന്ന തെരളിയിപ്പവും ആറ്റുകാലമ്മയുടെ ഇഷ്ടവിഭവമാണ്.
ഇലയട- വാഴയിലാണ് ഇലയട തയാറാക്കുന്നത്. അരിമാവ് ഒഴിച്ച് അതിലേക്ക് ശർക്കര, തേങ്ങ, പഴം, ഏലയ്‌ക്ക എന്നിവ ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് വേവിച്ചാണ് നിവേദിക്കുന്നത്.
അരവണ പായസം- അരി പകുതി വേവിച്ച് അതിലേക്ക് ശർക്കരയും ചെറുപയറും പൊടിച്ച് ചേർത്ത് നന്നായി കുറുക്കി എടുക്കും. ഇതിലേക്ക് ഏലയ്‌ക്ക പൊടിച്ച് ചേർത്ത് കൊടുക്കും.
മോദകം- ചെറുപയർ, ശർക്കര, തേങ്ങ, ഏലയ്‌ക്ക് എന്നിവ ചേർത്ത് അരിമാവിൽ മുക്കി വേവിച്ച് എടുക്കുന്നതാണ് മോദകം. അധികം ആളുകളും മോദകമാണ് അമ്മയ്‌ക്ക് നിവേദിക്കുന്നത്.
വെള്ളച്ചോറ്- പച്ചരിയും തേങ്ങയും പഴവും മാത്രമാണ് വെള്ളച്ചോറ് തയാറാക്കാൻ വേണ്ടത്. മധുരമില്ലെങ്കിലും തേങ്ങയുടെയും പഴത്തിന്റെയും രുചിയാണ് വെള്ളച്ചോറിന്റെ സവിശേഷത.















