കോഴിക്കോട്: എ. പത്മകുമാർ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിൽ എതിർസ്വരം ഉന്നയിച്ച എ. പത്മകുമാറിനെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. തങ്ങളാരും പത്മകുമാറിന്റെ വീട്ടിൽ പോയിട്ടില്ല. അദ്ദേഹം എസ്ഡിപിഐയിലേക്ക് പോയാലും ഇല്ലെങ്കിലും അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് പത്മകുമാറാണെന്നും കെ.സുരേന്ദ്രൻ മാദ്ധ്യമങ്ങളെ ഓർമിപ്പിച്ചു.
എ പത്മകുമാർ പാർട്ടി മാറുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. ഞങ്ങളാരും പത്മകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ല. ആളെ കിട്ടാനില്ലാതെ ബുദ്ധിമുട്ടുന്ന പാർട്ടിയല്ല ബിജെപി. എ പത്മകുമാറിനെ ഞങ്ങളാരും ക്ഷണിച്ചിട്ടില്ല, ഞാനോ എന്റെ സഹപ്രവർത്തകരോ അത് ചെയ്തിട്ടില്ല. – സുരേന്ദ്രൻ വ്യക്തമാക്കി.
സിപിഎമ്മിൽ വലിയ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. യാതൊരു വനിതാ പ്രാതിനിധ്യവുമില്ലാതെയാണ് സിപിഎം മുന്നോട്ടുപോകുന്നത്. സിപിഎം വനിതാ നേതാവ് തന്നെ അത് വ്യക്തമാക്കിയതാണ്. പട്ടികജാതി വിഭാഗക്കാർക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനം ലഭിക്കുന്നില്ല. പാർട്ടിക്ക് അകത്തുപോലും സ്ഥാനമില്ല. ശുംഭൻ ജയരാജന് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ പി. ജയരാജന് ഒന്നും കിട്ടിയില്ല എന്നത് പിന്നെ അവരുടെ ആഭ്യന്തരകാര്യമാണ്. പക്ഷെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്നവർ സ്ത്രീ പ്രാതിനിധ്യം നൽകുന്നില്ലെന്നത് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.















