ധർമ്മശാല (ഹിമാചൽ പ്രദേശ്): ഇതാദ്യമായി പിൻഗാമിയെ കുറിച്ചുള്ള സൂചനകൾ നൽകി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. തന്റെ പിൻഗാമി ചൈനയ്‌ക്ക് പുറത്തുള്ള “സ്വതന്ത്ര ലോകത്തിൽ” ജനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “മുൻഗാമിയുടെ കർമ്മങ്ങളുടെ തുടർച്ചയാണ് പുനർജന്മത്തിന്റെ ലക്ഷ്യം. ആയതിനാൽ പുതിയ ദലൈലാമ സ്വതന്ത്ര ലോകത്ത് ജനിക്കും. അങ്ങനെ ദലൈലാമയുടെ പരമ്പരാഗത ദൗത്യം തുടരുക തന്നെ ചെയ്യും” ദലൈലാമ തന്റെ പുതിയ പുസ്തകമായ വോയ്‌സ് ഫോർ ദി വോയ്‌സ്‌ലെസിൽ പറഞ്ഞു.
ടിബറ്റൻ വിശ്വാസ പ്രകാരം മുതിർന്ന ബുദ്ധ സന്യാസി മരിക്കുമ്പോൾ , അദ്ദേഹത്തിന്റെ ആത്മാവ് വീണ്ടും പുനർജനിക്കും. സന്യാസി പരമ്പര തന്നിൽ അവസാനിക്കുമെന്ന് മുമ്പ് ദലൈലാമ പരാമർശിച്ചിരുന്നു.
കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരകളിൽ നിന്നും രക്ഷതേടി, 1959-ൽ തന്റെ 23 മത്തെ വയസ്സിലാണ്, പതിനാലാമത്തെ ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ആയിരക്കണക്കിന് അനുയായികളും അന്ന് അദ്ദേഹത്തിനൊപ്പം ഇന്ത്യയിൽ അഭയം പ്രാപിച്ചിരുന്നു. ലോകത്തിന് ദലൈലാമ ആത്മീയനേതാവാണെങ്കിലും കമ്യൂണിസ്റ്റ് ചൈനയ്‌ക്ക് അദ്ദേഹം “വിഘടനവാദി ആണ്. ദലൈലാമയുടെ പിൻമാഗിയെ തങ്ങൾ തിരഞ്ഞെടുക്കുമെന്ന് ചൈന ഇടയ്‌ക്കിടെ ആവർത്തിക്കാറുണ്ട്. എന്നാൽ ചൈന തിരഞ്ഞെടുക്കുന്ന പിൻഗാമിയെ അംഗീകരിക്കില്ലെന്ന് 89 കാരനായ ദലൈലാമയും വ്യക്തമാക്കിയിരുന്നു.















