കോട്ടയം: ലവ് ജിഹാദ് ഇരകളെക്കുറിച്ചുള്ള പി സി ജോർജിന്റെ പരാമർശത്തിന് പിന്തുണയുമായി സിറോ മലബാർ സഭ. പ്രണയക്കെണികളെയും ഭീകരപ്രവര്‍ത്തനങ്ങളെയും കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞതില്‍ അടിസ്ഥാനമുണ്ടെന്നും സിറോ മലബാര്‍ സഭ പബ്ലിക്ക് അഫയേര്‍സ് കമ്മീഷന്‍ പ്രസ്താവിച്ചു. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ആണ് സിറോ മലബാര്‍ സഭയുടെ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷന്റെ ചെയര്‍മാന്‍. ഇവർ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇതേ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്
ലഹരി വിപത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പി.സി ജോര്‍ജ് പറഞ്ഞതിൽ വസ്തുയുണ്ടെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചും ലഹരി വ്യാപനത്തെ കുറിച്ചും പി.സി ജോര്‍ജ് പറഞ്ഞതില്‍ അടിസ്ഥാനമുണ്ട്. സിറോ മലബാര്‍ പബ്ലിക്ക് അഫയേര്‍സ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ വിലയിരുത്തി എന്നത് കൂടി വ്യക്തമാക്കുന്നു. മതരാഷ്‌ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമതഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്-കുറിപ്പില്‍ പറയുന്നു.
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:
മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ശ്രീ. പി.സി. ജോര്‍ജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് സിറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വിലയിരുത്തി. അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്.
ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികള്‍ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലഹരിയില്‍ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വന്‍തോതില്‍ സ്‌ഫോടക വസ്തുശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്‌ക്കുള്ള അന്താരാഷ്‌ട്രബന്ധങ്ങള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.
മതരാഷ്‌ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്. അതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തിന്റെയോ രാഷ്‌ട്രീയത്തിന്റെയോ പേരില്‍ ന്യായീകരിക്കാതെ രാഷ്‌ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരന്‍മാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്.
ശ്രീ. പി.സി. ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷ യും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതി ജോര്‍ജ്ജിനെതിരെ തത്പരകക്ഷികൾ ഉയര്‍ത്തുകയാണ്. ഈരാറ്റുപേട്ടയില്‍ കണ്ടെത്തിയ വന്‍ സ്‌ഫോടക ശേഖരം കേരളം മുഴുവന്‍ നശിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നും മീനച്ചില്‍ താലൂക്കില്‍ നിന്ന് 400ലേറെ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി ഒരുവിഭാഗം തട്ടി കൊണ്ടുപോയെന്നും പി.സി.ജോര്‍ജ് പറഞ്ഞതാണ് വിവാദമായത്.
പി.സി.ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന്റെ കയ്യില്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതിയുടെ യോഗത്തില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നു സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.















