തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വേദിയിൽ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് സിപിഐഎം നേതാവ് ജി സുധാകരന്‍.
ഏതെങ്കിലും രാജ്യത്ത് അംബാസിഡര്‍ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ പൗരനെന്നും, എന്നാൽ ഗാന്ധിജിയാണ് യഥാര്‍ത്ഥ വിശ്വ പൗരനെന്നും ജി സുധാകരന്‍ പറഞ്ഞു. ഐക്യരാഷ്‌ട്രസഭയില്‍ ജീവനക്കാരനായിരുന്ന ആളല്ല വിശ്വപൗരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഉദ്യോഗസ്ഥൻ അല്ല വിശ്വ പൗരൻ, അയാൾ ശമ്പളത്തിനും പദവിക്കുവേണ്ടി ജോലിയെടുക്കുന്ന ആൾ മാത്രമാണ്. നെഹ്റുവും ടാഗോറും ഡോക്ടർ രാധാകൃഷ്ണനും ഒക്കെ വിശ്വപൗരന്മാരായിരുന്നു. മഹാത്മാഗാന്ധി വിശ്വപൗരന്മാരിൽ വിശ്വ പൗരൻ ആയിരുന്നു”. ജി സുധാകരൻ പറഞ്ഞു. രാഷ്‌ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാന്‍ കഴിയില്ല എന്നതാണ് അവസ്ഥയെന്നും സുധാകരന്‍ പറഞ്ഞു.
“കെ. പി സി. സി യുടെ ചർച്ച കാലഘട്ടത്തിന് ഗുണമുള്ളതാണ്. അതിന് കെ. പി. സി. സി യെ അഭിനന്ദിക്കുന്നു. എന്റെ പാർട്ടിയെപ്പറ്റി ഞാൻ ഒരിക്കലും ആക്ഷേപം പറയില്ല, പറയുന്ന പ്രശ്നം ഉദിക്കുന്നില്ല”, ജി സുധാകരൻ പറഞ്ഞു.
തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.
പരിപാടിയില്‍ പങ്കെടുത്ത ജി സുധാകരനേയും സിപിഐ നേതാവ് സി ദിവാകരനേയും പുകഴ്‌ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി.നിയമസഭയില്‍ സി ദിവാകരനെയും ജി സുധാകരനെയും കുറിച്ച് ഒരിക്കലും പറയേണ്ടി വന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.















