ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ഗവർണർണർ വിനയ് കുമാർ സക്സേനക്കുമെതിരെ ആംആദ്മി പാർട്ടിയുടെ അടിസ്ഥാനരഹിതമായ പരാതികൾ പിൻവലിക്കാൻ ഡൽഹി സർക്കാർ. കേസുകൾ പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനായി ബന്ധപ്പെട്ട കോടതികളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ പിഎം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ടച്ചർ മിഷൻ പദ്ധതി (പിഎം-എബിഐഎം) നടപ്പിലാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എഎപി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയും ഇതിൽ ഉൾപ്പെടും. ഡൽഹിയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പദ്ധതി നടപ്പിലാക്കുന്നത് തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ പദ്ധതികളെയും നിർദേശങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി കേസുകളാണ് എഎപി നൽകിയത്. കൂടാതെ 1991-ൽ രൂപീകരിച്ച നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി നിയമത്തിൽ കേന്ദ്രം കാെണ്ടുവന്ന ഭേദഗതിയെ ചോദ്യം ചെയ്തും അരവിന്ദ് കെജരിവാൾ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ അധികാരത്തെയും ചോദ്യം ചെയ്യുന്നതായിരുന്നു ഈ പരാതി.
കേന്ദ്രത്തോടും ഗവർണറോടുമുള്ള വാക്കുതർക്കത്തെയും വിയോജിപ്പിനെയും തുടർന്ന് സെക്രട്ടറിമാരെയും വിവിധ വകുപ്പുകളുടെ മേധാവികളെയും കുരുക്കിലാക്കാൻ എപിപി ശ്രമിച്ചിരുന്നു. ഇവർക്കെതിരെ നിരവധി വ്യാജ പരാതികളാണ് എഎപി നൽകിയിരുന്നത്. ഇവ പിൻവലിക്കുന്നതിനുള്ള നടപടികളും നടക്കും.
കോടതികളുടെ അനുമതിയോടെ കേസുകളെല്ലാം പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇത്തരം കേസുകൾ കാരണം സർക്കാരിന്റെ പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നതിൽ കാലതാമസം വരുമെന്നാണ് വിലയിരുത്തൽ.