ന്യൂയോർക്ക്: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് ബഹിരാകാശയാത്രികരെ അയക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം ബുധനാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. നിലവിൽ ISSൽ കഴിയുന്ന ബുച്ച് വിൽമോറിന്റെയും സുനിത വില്യംസിന്റെയും തിരിച്ചുവരവിന് വഴിയൊരുക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-10 മാറ്റിവച്ചതിനാൽ ഇവരുടെ മടങ്ങിവരവ് ഇനിയും വൈകാനാണ് സാധ്യത. സുനിതയും സഹയാത്രികനും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്.
സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യത്തിന്റെ കൗണ്ട്‌ഡൗൺ സമയത്തിന് മുന്നോടിയായി റോക്കറ്റിന്റെ ലോഞ്ച്പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം റദ്ദാക്കിയത്. കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. യുഎസിൽ നിന്നുള്ള രണ്ട് ബഹിരാകാശയാത്രികരും ജപ്പാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഓരോരുത്തരും അടങ്ങുന്ന നാലംഗ സംഘത്തെ വഹിച്ച് പോകേണ്ടിയിരുന്ന ദൗത്യമായിരുന്നു അത്. നാല് പേരും ISSൽ തങ്ങുകയും പകരം വില്യംസും വിൽമോറും ഫാൽക്കൺ റോക്കറ്റിൽ തിരികെ വരികയും ചെയ്യുമെന്നായിരുന്നു പദ്ധതി. എന്നാൽ ലോഞ്ച് കോംപ്ലക്‌സ് 39Aയിലെ ഫാൽക്കൺ 9 റോക്കറ്റിനുള്ള ഗ്രൗണ്ട് സപ്പോർട്ട് ക്ലാമ്പ് ആമിലെ ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാർ സംഭവിച്ചതിനാൽ വിക്ഷേപണം റദ്ദാക്കുകയായിരുന്നുവെന്ന് നാസ അറിയിച്ചു.
ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സും നാസയും സംയുക്തമായാണ് ക്രൂ-10 ദൗത്യം നടത്തുന്നത്. പുതിയ വിക്ഷേപണത്തീയതി നാസ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും അടുത്ത വ്യാഴാഴ്ചയ്‌ക്ക് ശേഷം വിക്ഷേപണത്തിന് ശ്രമം നടക്കുമെന്ന് സൂചനയുണ്ട്.