തിരുവനന്തപുരം: ഭക്തജനലക്ഷങ്ങൾ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത് ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു. പണ്ഡാര അടുപ്പിലേക്ക് മേൽശാന്തി അഗ്നിപകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്‌ക്ക് തുടക്കമായി. ആറ്റുകാൽ പരിസരത്തും ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിലും നിരത്തുകളിൽ പൊങ്കാല അടുപ്പുകളിൽ അഗ്നിയെത്തി. കുംഭച്ചൂടിന്റെ തീവ്രത മറന്ന് പൊങ്കാല അടുപ്പിന് സമീപം പ്രാർത്ഥനാ നിർഭരരായി നിലകൊള്ളുകയാണ് ഭക്തജനങ്ങൾ. പൊങ്കാല പായസത്തിന് പുറമേ മണ്ഡപ്പുറ്റ്, തെരളിയപ്പം, തുടങ്ങി നിരവധി വിഭവങ്ങൾ ഭക്തർ ദേവിക്കായി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സർവ്വവും മറന്ന് ആറ്റുകാലമ്മയെ വിളിച്ച് അമ്മേ നാരായണ മന്ത്രങ്ങൾ ജപിച്ചുകൊണ്ടാണ് സ്ത്രീകൾ പൊങ്കാല തയ്യാറാക്കുന്നത്. ഉച്ചയ്‌ക്ക് 1.15ഓടെയാണ് നിവേദ്യ സമർപ്പണം നടക്കുക.















