മൊഹാലി: പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽക്കാരന്റെ മർദനമേറ്റ് യുവ ഗവേഷകൻ മരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐഐഎസ്ഇആർ) സേവനം അനുഷ്ഠിക്കുന്ന അഭിഷേക് സ്വർണകർ ആണ് മരിച്ചത്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം.
ബംഗാൾ സ്വദേശിയായ സ്വർണാകർ അടുത്തിടെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. കൂടാതെ ഡയാലിസിസും ചെയ്യുന്നുണ്ട്. തർക്കത്തിനിടെ അയൽക്കാരനായ മോണ്ടി സ്വർണാകറിനെ താഴേക്ക് തള്ളിയിടുന്നതും മർദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സമീപവാസികളായ ചിലർ സ്വർണാകറിന്റെ ബൈക്കിനടുത്ത് നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സ്വർണാകർ ബൈക്കിന് സമീപം എത്തുന്നു. എന്തോ പറഞ്ഞു കൊണ്ട് ബൈക്ക് അവിടെ നിന്നും മാറ്റിവെക്കുന്നുമുണ്ട്. അടുത്ത നിമിഷത്തിൽ സ്വർണാകറും അവിടെയുണ്ടായിരുന്ന ഒരാളും തമ്മിൽ വഴക്കുണ്ടാകുന്നു. തുടർന്ന് സ്വർണാകറിനെ മർദിക്കുന്നതും തള്ളി താഴെയിടുന്നതും കാണാം. സ്വർണാകർ എഴുന്നേൽക്കാൻ പാടുപെടുന്നതും കുഴഞ്ഞു വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ പ്രശ്നത്തിൽ കുടുംബാംഗങ്ങൾ ഇടപെടുന്നുണ്ട്.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകരമായ നരഹത്യയ്‌ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.















