നടി സൗന്ദര്യയുടെ മരണത്തിൽ നടൻ മോഹൻ ബാബുവിന് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് സൗന്ദര്യയുടെ ഭർത്താവ് ജി എസ് രഘു. കഴിഞ്ഞ ദിവസമാണ് സൗന്ദര്യയുടെ മരണം കൊലപാതകമാണെന്നും അതിൽ മോഹൻ ബാബുവിന് പങ്കുണ്ടെന്നും ആരോപിച്ച് ആന്ധ്രാപ്രദേശ് സ്വദേശിയായ വ്യക്തി പരാതി നൽകിയത്. നടിയുമായി മോഹൻ ബാബുവിന് തർക്കമുണ്ടെന്നായിരുന്നു ആരോപണം.
മോഹൻ ബാബുവും സൗന്ദര്യയും തമ്മിൽ സ്വത്ത് തർക്കം ഉണ്ടായിരുന്നില്ലെന്ന് ജി എസ് രഘുവിന്റെ പ്രസ്താവനയിൽ പറയുന്നു. പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. നടനുമായി ഞങ്ങൾക്ക് ഒരു ഭൂമി ഇടപാടുകളും ഉണ്ടായിരുന്നില്ല. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. മോഹൻ ബാബുവും എന്റെ കുടുംബവുമായി നല്ല ബന്ധമാണ്. കഴിഞ്ഞ 25 വർഷമായി എനിക്ക് മോഹൻ ബാബു സാറിനെ നന്നായി അറിയാം. ഞങ്ങൾ ഒരു കുടുംബം പോലെ ജീവിക്കുന്നവരാണ്. തെറ്റായ വാർത്തകൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക- എന്ന് പ്രസ്താവനയിൽ പറയുന്നു.
നടിയുടെ മരണം അപകടമല്ല, കൊലപാതകമാണെന്നും മോഹൻ ബാബുവും ഇവരും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നുവെന്നും ചിട്ടിമല്ലു പരാതിയിൽ ആരോപിച്ചിരുന്നു. ഷംഷാബാദിലെ ജൽപള്ളിയിൽ സൗന്ദര്യയുടെയും സഹോദരന്റെയും ഉടമസ്ഥതയിൽ ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. കോടികൾ വിലവരുന്ന ഈ സ്ഥലം സ്വന്തമാക്കാൻ മോഹൻ ബാബു ആഗ്രഹിച്ചിരുന്നു. എന്നാൽ ഭൂമി കൈമാറ്റത്തിന് സൗന്ദര്യയും സഹോദരനും വിസമ്മതിച്ചു. ഇരുവരുടെയും മരണത്തിന് ശേഷം മോഹൻ ബാബു നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു.















