കാലിന് പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസിന്റെ പരിശീലന സെഷനിൽ എത്തി പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിന്റെ ഒദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോകളിൽ ശരിയായി നടക്കാൻ കഴിയാത്ത ദ്രാവിഡ് ക്രച്ചസിന്റെ സഹായത്തോടെ ഗോൾഫ് കാർട്ടിൽ ഗ്രൗണ്ടിലെത്തി ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ മെന്റർ ചെയ്യുന്നത് കാണാം.
ബാംഗ്ലൂരിൽ നടന്ന ഒരു മത്സരത്തിനിടെയാണ് ദ്രാവിഡിന് പരിക്കേറ്റതെന്നും അന്നുമുതൽ ക്രച്ചസിനെ ആശ്രയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബെംഗളൂരുവിലെ എസ്‌എൽഎസ് ക്രീഡംഗന ക്രിക്കറ്റ് ഗ്രൗണ്ടിൽ യംഗ് ലയൺസ് ക്ലബ്ബിനെതിരെ നടന്ന 50 ഓവർ മത്സരത്തിൽ ദ്രാവിഡും മകൻ അൻവേയും വിജയ ക്രിക്കറ്റ് ക്ലബ്ബിനായി (മാലൂർ) കളിച്ചിരുന്നു. മത്സരത്തിൽ ആറാം നമ്പറിൽ ബാറ്റ് ചെയ്ത ദ്രാവിഡ് എട്ട് പന്തിൽ പത്ത് റൺസ് നേടി. അഞ്ചാം വിക്കറ്റിൽ അച്ഛൻ-മകൻ ജോഡി 17 റൺസിന്റെ ഒരു ചെറിയ കൂട്ടുകെട്ടുമുണ്ടാക്കി.
മുൻ ഇന്ത്യൻ പരിശീലകനായിരുന്ന ദ്രാവിഡ് പത്ത് വർഷത്തിന് ശേഷമാണ് രാജസ്ഥാനിലേക്ക് മടങ്ങിയെത്തുന്നത്. മുമ്പ് ക്യാപ്റ്റനായും മെന്ററായും നിർണായക പങ്ക് വഹിച്ചിരുന്നു. ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ ഐപിഎൽ ആദ്യ പതിപ്പ് നേടിയ ശേഷം, രണ്ടാമതൊരു കിരീടമെന്ന രാജസ്ഥാൻ റോയൽസിന്റെ സ്വപ്നം ഇതുവരെ പൂവണിഞ്ഞിട്ടില്ല. സഞ്ജു സാംസണിനെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ വർഷം പ്ലേ-ഓഫിലെത്തി പുറത്തായെങ്കിലും ഇത്തവണ രണ്ടാമത്തെ ഐപിഎൽ കിരീടം നേടുകയാണ് ലക്ഷ്യം.
💗➡️🏡 pic.twitter.com/kdmckJn4bz
— Rajasthan Royals (@rajasthanroyals) March 13, 2025