ന്യൂഡൽഹി: പാകിസ്താനിലെ ട്രെയിൻ റാഞ്ചലിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന പാക് വിദേശകാര്യ ഓഫീസിന്റെ ആരോപണങ്ങൾ തള്ളി ഭാരതം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് പാകിസ്താന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. പാകിസ്താൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുവെന്ന് ജയ്സ്വാൾ അറിയിച്ചു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ഈ ലോകത്തെ എല്ലാവർക്കുമറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പോരായമകളുടെയും ഉത്തരവാദിത്വം മറ്റുള്ളവരുടെ മേൽ പഴിചാരുന്നതിന് പകരം സ്വയം ഉള്ളിലേക്ക് നോക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
പാകിസ്താനിൽ ജാഫർ എക്സ്പ്രസ് റാഞ്ചിയ ബലൂച് പോരാളികൾക്ക് ഇന്ത്യയും അഫ്ഗാനിസ്ഥാനും സഹായം നൽകിയെന്നായിരുന്നു പാകിസ്താന്റെ ആരോപണം. ആക്രമണം നടത്തിയ ബലൂച് വിമതർക്ക് അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി ബന്ധമുണ്ടെന്നും പാക് വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു. പാകിസ്താനിലെ തീവ്രവാദ പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്നും അയാൾ കൂട്ടിച്ചേർത്തു. ഇതിനാണ് ഇന്ത്യ ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. പാക് ആരോപണങ്ങളെ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ നേതൃത്വവും രംഗത്തെത്തിയിരുന്നു.
400 ലധികം യാത്രക്കാരുമായി പെഷവാറിലേക്ക് സഞ്ചരിച്ചിരുന്ന ജാഫർ എക്സ്പ്രസ് ബോലൻ ജില്ലയിൽ വച്ചായിരുന്നു ബലൂചിസ്ഥാൻ പോരാളികൾ റാഞ്ചിയത്. സംഭവത്തിന് പിന്നാലെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ ( ബിഎൽഎ ) 33 പേരെ വധിച്ചതായി പാക് സുരക്ഷാ സേന പ്രഖ്യാപിച്ചു. അതേസമയം 28 പാക് സൈനികരെ ബലൂച് വിമതർ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.
ട്രെയിൻ പിടിച്ചെടുത്ത ഉടൻ തന്നെ ബന്ദികളിലെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പോരാളികൾ സ്വമേധയാ മോചിപ്പിച്ചിരുന്നു. അമ്പതോളം ബന്ദികളെ വധിച്ചതായും ബിഎൽഎ പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്താൻ പുറത്തുവിട്ട കണക്കുപ്രകാരം കൊല്ലപ്പെട്ട യാത്രക്കാരുടെ എണ്ണം 21 ആണ്.















